വയനാട് കോളനൈസേഷന്‍ സ്‌കീം: സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന്

സുല്‍ത്താന്‍ ബത്തേരി: ഡബ്ല്യു.സി.എസ് പട്ടയഭൂമികളില്‍ അനാവശ്യ നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയാറാകണമെന്നു നെന്‍മേനി പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു. ഇല്ലാത്ത കോടതി വിധിയുടെ പേരില്‍ ഒരു വര്‍ഷത്തിലധികമായി നൂറുകണക്കിന് ആളുകളുടെ ജീവിതത്തിനാണ് സര്‍ക്കാര്‍ പ്രതിബന്ധം സൃഷ്ടിച്ചത്. സ്വകാര്യ കേസില്‍ നിര്‍മാണ അനുമതി നല്‍കുന്നത് പഞ്ചായത്തിന് പരിഗണിക്കാവുന്നതാണെന്ന ആദ്യ വിധിയും ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. എല്‍.എ പട്ടയങ്ങള്‍ക്ക് മാത്രമായ കോടതി വിധി ഡബ്ല്യു.സി.എസ് പട്ടയങ്ങള്‍ക്കും ബാധകമാക്കാന്‍ ശഠിച്ച ജില്ലാ ഭരണകൂടവും ഇക്കാര്യത്തില്‍ മറുപടി പറയണം. പട്ടയവുമായി ബന്ധപ്പെട്ട ആദ്യ വിധി വന്നപ്പോള്‍ത്തന്നെ ഡബ്ല്യു.സി.എസ് പട്ടയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഭരണസമിതിയടക്കം ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് തദ്ദേശ ഭരണ, റവന്യൂ വകുപ്പു മന്ത്രിമാരുമായി ഭരണസമിതി പ്രതിനിധികള്‍ കൂടിക്കാഴ്ചയും നടത്തി. എന്നാല്‍ പരിഗണിക്കാമെന്നു പറഞ്ഞതല്ലാതെ തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയാറായില്ല. നിയന്ത്രണങ്ങളും പ്രത്യേക നിയമങ്ങളും മൂലം പൊതുവെ ജനജീവിതം ദുഃസഹമായ ജില്ലയില്‍ ഇല്ലാത്ത നിയമങ്ങള്‍ കൂടി അടിച്ചേല്‍പ്പിച്ച് ജനങ്ങളെ പ്രയാസപ്പെടുത്തുന്നത് അവസാനിപ്പിക്കണം. ഉദ്യോസ്ഥരുടെ ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍, ജയ മുരളി, കെ.വി.ശശി, സുജാത ഹരിദാസ്, വി.ടി.ബേബി, ബിന്ദു അനന്തന്‍, ഷാജി പാടിപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles