പരിസ്ഥിതി ലോല മേഖലയില്‍ ജനജീവിതം താളം തെറ്റും-സാദിഖലി തങ്ങള്‍

കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുസ്‌ലിംലീഗ് വയനാട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സംരക്ഷിതവനങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കുന്നതു ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതതാളം തെറ്റുന്നതിനു ഇടയാക്കുമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.
പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമെന്നും ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. മനുഷ്യനു ദോഷം ചെയ്യുന്ന ഏതു വിഷയത്തിലും മുസ്്‌ലിംലീഗ് മാനുഷിക പക്ഷത്താണ്. ജനങ്ങളെ മറന്നുള്ള പരിപാടികള്‍ക്കു പിന്നില്‍ മറ്റു ലക്ഷ്യങ്ങളാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിമിതികള്‍ വിദ്യാര്‍ഥികളുടെ ഭാവിയെ ഇരുട്ടിലാക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗത പ്രതിഷേധാര്‍ഹമാണ്. മതസൗഹാര്‍ദ്ദം, സഹിഷ്ണുത തുടങ്ങിയ സാമൂഹിക നന്‍മകള്‍ കൂടുതല്‍ ശക്തമായി ഉള്‍ച്ചേര്‍ക്കേണ്ട കാലമാണിത്. മതവും ജാതിയും അധികാരം നിലനിര്‍ത്താനും മനുഷ്യന്റെ സമാധാന ജീവിതത്തെ ഇല്ലാതാക്കാനുമായാണ് ഭരണകൂടങ്ങള്‍ പൊതുവെ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ 13 ജില്ലകളിലും നടന്ന സുഹൃദ ്‌സംഗമങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കിയത്. സാമുദായിക സൗഹാര്‍ദത്തിനും സാഹോദര്യത്തിനും മുസ്്‌ലിംലീഗ് നടത്തുന്ന ഇടപെടലുകള്‍ പൊതുസമൂഹം ആദരവോടെ കാണുന്നത് സന്തോഷകരമാണ്. ഇത് പാര്‍ട്ടിയുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുകയാണ്. അസഹിഷ്ണുതയുടെയും മതവെറിയുടെയും കാലത്ത് രാജ്യത്തിന്റെ മതേതര പാരമ്പര്യം കൂടുതല്‍ ജാഗ്രതയോടെ കാക്കാന്‍ മുസ്്‌ലിംലീഗ് മുന്നില്‍ ഉണ്ടാവുമെന്നും തങ്ങള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.പി.എ.കരീം അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നവാസ് ഗനി എം.പി, കെ.പി.എ.മജീദ്, പി.എം.എ.സലാം, എം.സി. മായിന്‍ ഹാജി, അബ്ദറഹ്്മാന്‍ കല്ലായി, അബ്ദറഹ്മാന്‍ രണ്ടത്താണി, എം.എല്‍.എമാരായ പി.കെ.ബഷീര്‍, ടി.വി.ഇബ്രാഹിം, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, മുസ്്‌ലിംലീഗ് സംസ്ഥാന നേതാക്കളായ സി.മമ്മൂട്ടി, കെ.എം.ഷാജി, സി.പി.ചെറിയമുഹമ്മദ്, കെ.എസ്.ഹംസ, യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ പി.ഇസ്മയില്‍, മുജീബ് കാടേരി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles