കല്ലഞ്ചിറ തൂക്കുപാലം അപകടാവസ്ഥയില്‍

കല്ലഞ്ചിറ തൂക്കുപാലത്തിന്റെ നടവഴിയിലെ അലുമിനിയം ഷീറ്റ് തകര്‍ന്ന നിലയില്‍

കണിയാമ്പറ്റ: കണിയമ്പാറ്റ പഞ്ചായത്തിലെ കല്ലഞ്ചിറ കരണി പുഴയ്ക്കു കുറുകെയുള്ള കല്ലഞ്ചിറ തൂക്കുപാലം അപകടാവസ്ഥയില്‍. 17 വര്‍ഷം മുന്‍പ് പഞ്ചിമഘട്ട വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച തൂക്കുപാലമാണ് തകര്‍ച്ചാവസ്ഥയിലുള്ളത്. കല്ലഞ്ചിറയില്‍ നിന്ന് ചിറ്റൂര്‍ ഭാഗത്തേക്ക് പോകുന്നതിന് വിദ്യാര്‍ത്ഥികളും തൊഴിലാളികളുമടക്കം ഒട്ടേറെ പേരുടെ ഏക ആശ്രയമായ തൂക്കുപാലത്തിന്റെ ഇരുവശങ്ങളിലെയും പടിക്കെട്ടുകള്‍ ഇടിഞ്ഞു തകര്‍ന്നു. നടവഴിയിലുള്ള അലുമിനിയം ഷീറ്റുകളും പലയിടങ്ങളിലായി പൊട്ടി നശിച്ച നിലയിലാണ്. കൂടാതെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇരുവശങ്ങളിലും സ്ഥാപിച്ച കമ്പിവേലികളില്‍ പലതും കാണാന്‍ പോലുമില്ല. പ്രദേശത്തെ സമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന്റെ ഭാഗമായാണ് തൂക്കുപാലം ഇത്തരത്തില്‍ തകരാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാലത്തിന്റെ ഇരുവശങ്ങളും കമ്പളക്കാട് മീനങ്ങാടി സ്റ്റേഷന്‍ പരിധിയിലാണ്. അതു കൊണ്ടു തന്നെ ഈ ഭാഗത്തേക്ക് പൊലീസ് എത്താത്തതാണ് പ്രദേശത്ത് സമൂഹ വിരുദ്ധരുടെ ശല്യം ഏറാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.
2005ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ തൂക്കുപാലം പിന്നീട് 2 തവണ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപണി നടത്തിയിരുന്നു. ഇതില്‍ ഒരു തവണ പാലത്തിലെ മരപ്പലകകള്‍ മാറ്റി പകരം അലുമിനിയം ഷീറ്റ് വിരിക്കുകയും ചെയ്തു. ഈ ഷീറ്റും ഇപ്പോള്‍ പലയിടങ്ങളിലായി തകര്‍ന്നിട്ടുണ്ട്. ഈ ഭാഗത്ത് അറിയാതെ ചവിട്ടിയാല്‍ പോലും കാല്‍ കുരുങ്ങി അപകടം ഉറപ്പാണ്. തകര്‍ന്ന ഷീറ്റുകളും കൈവരിയായി ഉപയോഗിക്കുന കമ്പിവേലികളും പടി കെട്ടുക്കളും നന്നാക്കി പാലം എത്രയും പെട്ടെന്ന് നന്നാക്കണമെന്നും പ്രദേശത്തെ സമൂഹ വിരുദ്ധരുടെ ശല്യം നിയന്ത്രിക്കാന്‍ പൊലീസ് നടപടി എടുക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles