തലശേരി കോഴികളുടെ സംരക്ഷണം: വെറ്ററിനറി സര്‍വകലാശാലയ്ക്ക് ദേശീയ പുരസ്‌കാരം

തലശേരി കോഴി.

കല്‍പറ്റ-കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ എ.ഐ.സി.ആര്‍.പി കോഴി പ്രജനന ഗവേഷണ കേന്ദ്രത്തിന് 2021ലെ ദേശീയ ബ്രീഡ് കണ്‍സര്‍വേഷന്‍ അവാര്‍ഡ് ലഭിച്ചു. രാജ്യത്തെ തദ്ദേശീയ ജനുസുകളെ ശാസ്ത്രീയമായി സംരക്ഷിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന മികച്ച സ്ഥാപനത്തിനു എന്‍.ബി.എ.ജി.ആര്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. കേരളത്തിലെ ഏക തദ്ദേശീയ കോഴി ജനുസായ തലശേരി കോഴികളുടെ സംരക്ഷണ-ഗവേഷണ പ്രവര്‍ത്തനങ്ങളാണ് എ.ഐ.സി.ആര്‍.പി ഗവേഷണ കേന്ദ്രത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. സംസ്ഥാനത്ത് തലശേരി കോഴികളുടെ ജനിതക ശേഖരമുള്ളത് ഇവിടെയാണ്. ശാസ്ത്രീയ ജനിതക നിര്‍ധാരണത്തിന്റെ ഫലമായി എ.ഐ.സി.ആര്‍.പി ഗവേഷണ കേന്ദ്രത്തിലെ തലശേരി കോഴികള്‍ നാലര മാസം പ്രായമെത്തുമ്പോള്‍ മുട്ടയുത്പപാദനം ആരംഭിക്കുന്നുണ്ട്. വര്‍ഷം ശരാശരി 170 മുട്ടകളാണ് ഉത്പാദിപ്പിക്കുന്നത്.
തലശേരി കോഴികളുടെ സംരക്ഷണത്തിനൊപ്പം ജീന്‍ സീക്വന്‍സിംഗ് സങ്കേതങ്ങള്‍ ഉപയോഗിച്ച് ജനിതക സവിശേഷതകള്‍ തിരിച്ചറിയുന്നതിനുള്ള ഗവേഷണ പദ്ധതി ആരംഭിച്ചതും പുരസ്‌കാര നിര്‍ണയത്തില്‍ പരിഗണിച്ചു. സര്‍വ്വകലാശാലയിലെ ഗവേഷകരായ ഡോ.പി.അനിത, ഡോ.ബിനോജ് ചാക്കോ, ഡോ.ബീന സി. ജോസഫ്, ഡോ.ശങ്കരലിംഗം, ഡോ.സി.എസ്. സുജ, ഡോ.എസ്.ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുരസ്‌കാരത്തിനു അര്‍ഹമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍.

Leave a Reply

Your email address will not be published.

Social profiles