ദ്വാരക ആയുര്‍വേദ ആശുപത്രി: സി.പി.എം ധര്‍ണ തിങ്കളാഴ്ച

ദ്വാരക ആയുര്‍വേദ ആശുപത്രിയിലെ ഒഴിഞ്ഞുകിടക്കുന്ന കട്ടിലുകള്‍.

മാനന്തവാടി: എടവക പഞ്ചായത്തിനു കീഴില്‍ ദ്വാരകയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രി ശോച്യാവസ്ഥയില്‍. കഷായം ഒഴികെ മരുന്നുകള്‍ ആശുപത്രിയില്‍ ലഭ്യമല്ലെന്നു ഇവിടെ ചികിത്സയ്‌ക്കെത്തുന്നവര്‍ പറയുന്നു. മാനന്തവാടി താലൂക്കില്‍ കിടത്തിച്ചികിത്സയ്ക്കു സൗകര്യമുള്ള ഏക ആയുര്‍വേദ ആശുപത്രിയാണ് ദ്വാരകയിലേത്.
20 കിടക്ക സൗകര്യമുള്ള ആശുപത്രിയില്‍ നിത്യേന നിരവധി രോഗികളാണ് എത്തിയിരുന്നത്. കര്‍ണാടകയുടെ ഭാഗങ്ങളില്‍നിന്നുപോലും രോഗികള്‍ വന്നിരുന്നു. നിലവില്‍ കിടക്കകളില്‍ 14 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. രോഗികളുടെ അഭാവത്തില്‍ പൂട്ടിയിട്ടിരിക്കയാണ് പുരുഷന്‍മാരുടെ വാര്‍ഡ്. അറ്റകുറ്റപ്പണി നടത്താതിനാല്‍ കെട്ടിടത്തിനു ചോര്‍ച്ചയുണ്ട്. ടോയ്‌ലെറ്റുകള്‍ക്കു മതിയായ വൃത്തിയില്ല. ഫിസിയോ തെറാപ്പി യൂനിറ്റും പുരുഷ വാര്‍ഡും കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ്. എങ്കിലും വൃദ്ധര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കുമായി റാംപ് സൗകര്യമില്ല. ആശുപത്രിയിലേക്ക് വെള്ളം എടുക്കുന്ന കിണര്‍ പായല്‍ മൂടി കിടക്കുകയാണ്.
പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കു കാരണമെന്നു സി.പി.എം എടവക പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിനു സത്വര നടപടി ആവശ്യപ്പെട്ടു തിങ്കളാഴ്ച രാവിലെ 10നു ആശുപത്രി പടിക്കല്‍ ധര്‍ണ നടത്തുമെന്നു സി.പി.എം പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ കെ.ആര്‍.ജയപ്രകാശ് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles