യുഡിഎഫ് കരുതിക്കൂട്ടി അക്രമം നടത്തുന്നു-ഇ.പി. ജയരാജന്‍

കല്‍പറ്റ: ജനം ഇടതു സര്‍ക്കാരിനെ വെറുക്കണമെന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി യുഡിഎഫ് അക്രമം നടത്തുകയാണെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. എല്‍ഡിഎഫ് ജില്ലാ റാലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം വളരരുത് എന്ന നിലപാടാണ് യുഡിഎഫിന്. എല്ലാ വികസന പദ്ധതികളും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ലോക കേരള സഭ ബഹിഷ്‌കരിച്ചു. ഭക്ഷണത്തിന്റെ പേരില്‍പോലും പ്രവാസികളെ അപമാനിച്ചു. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനു ആര്‍എസ്എസ് പരിശീലനം ലഭിച്ച വനിതയെ കൊണ്ടുനടക്കുകയാണ്. ആര്‍എസ്എസും യുഡിഎഫും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആര്‍എസ്എസ് വലയത്തിലാണ്. സംഘപരിവാറിന്റെ ബി ടീമായാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. തൃക്കാക്കരയില്‍ ബിജെപിയെ ഘടക കക്ഷിയാക്കി. അതുകൊണ്ടാണ് ബിജെപിക്ക് കെട്ടിവെച്ച കാശ് നഷ്ടമായത്. കോണ്‍ഗ്രസില്‍ താനാണ് ലീഡര്‍, താനാണ് സര്‍വശക്തന്‍ എന്ന് വരുത്താനാണ് വി.ഡി. സതീശന്‍ ശ്രമിക്കുന്നത്.
മതേതരത്വം പൂര്‍ണമായി കോണ്‍ഗ്രസിന് നഷ്ടമായി. ഹിന്ദുക്കള്‍ ഇന്ത്യ ഭരിക്കണമെന്നാണ് ജയ്പുര്‍ സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞത്. അടുത്ത ദിവസം കേരളത്തില്‍ വരുന്ന രാഹുല്‍ ഇത് തിരുത്തുമോയെന്നു അറിയില്ല. എല്‍ഡിഎഫിനെ തകര്‍ക്കാനുള്ള ഒരു നീക്കവും വിലപ്പോകില്ല. എല്‍ഡിഎഫ് കുതിച്ചുയരും. കൂടുതല്‍ ശക്തി സംഭരിക്കും.
പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തില്‍ സംരക്ഷിത മേഖലകള്‍ക്കുചുറ്റും പൂജ്യം മുതല്‍ 12 വരെ കിലോമീറ്റര്‍ പരിസ്ഥിതി ലോലമാക്കാന്‍ 2013ല്‍ യുഡിഎഫ് മന്ത്രിസഭ തീരുമാനിക്കുകയും ഇതനുസരിച്ചു കേന്ദ്ര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതാണ്. അന്ന് എംഎല്‍എ ആയിരുന്ന വി.ഡി. സതീശന്‍ ചെയര്‍മാനായ ഉപസമിതിയും ഇത് അംഗീകരിക്കുകയുമുണ്ടായി. പിന്നീട് അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് ഒരു കിലോമീറ്ററായി കുറയ്ക്കുകയാണ് ചെയ്തത്. ഈ പരിധിയിലും ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുമെന്നു കണ്ടപ്പോള്‍ പുതിയ ശിപാര്‍ശ സമര്‍പ്പിച്ചു. ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി ലോല മേഖലയില്‍നിന്നു ഒഴിവാകുന്ന വിധത്തിലായിരുന്നു ഇതെന്നും ജയരാജന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles