ലഹരിയുടെ വേരറുക്കാന്‍ ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നു വരണം: പി. ഇസ്മയില്‍

കുണ്ടാല ശാഖാ യൂത്ത് ലീഗ് സംഘടിപ്പിച്ച നാട്ടുമുറ്റം ക്യാമ്പയിന്‍ സംസ്ഥാന ട്രഷറര്‍ പി. ഇസ്മയില്‍ ഉത്ഘാടനം ചെയ്യുന്നു

പനമരം: സാമൂഹ്യമൂല്യങ്ങളെ കാര്‍ന്നു തിന്നുന്ന ലഹരി വിപത്തിന്റെ വേരറുക്കാന്‍ ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നു വരണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അഭിപ്രായപ്പെട്ടു. കുണ്ടാല ശാഖാ യൂത്ത് ലീഗ് സംഘടിപ്പിച്ച നാട്ടുമുറ്റം ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വസ്തുക്കളുടെ പരിശോധനയും പിടിച്ചെടുക്കലും നിയമ നടപടികള്‍ക്കുമൊപ്പം ആഴത്തിലുള്ള ബോധവല്‍ക്കരണവും അനിവാര്യമാണ്. ആയുധ വ്യാപാരത്തിന് തുല്യമായി കോടികള്‍ മറിയുന്ന മയക്കുമരുന്ന് ഇടപാടില്‍ കുട്ടികള്‍ പോലും കണ്ണികളായി മാറുന്നത് ആപത്കരമാണ്. വീടിന്റെ അകത്തളങ്ങളില്‍ അനുഭവപ്പെടുന്ന സ്‌നേഹ ശൂന്യത മുതലെടുത്ത് കൃത്രിമ സ്‌നേഹം പ്രകടിപ്പിച്ചാണ് ലഹരി മാഫിയക്കാര്‍ കുട്ടികളെ വശീകരിക്കുന്നത്. വിലപിടിപ്പുള്ള വസ്ത്രങ്ങളും പാദരക്ഷകളും കേളികേട്ട സ്‌കുളില്‍ അഡ്മിഷനും പോക്കറ്റ് മണിയും തരപെടുത്താനുള്ള തിരക്കില്‍ കുട്ടികളെ ചേര്‍ത്തു പിടിക്കാനും തലോടാനും അഭിനന്ദിക്കാനും പ്രോത്സാഹനം നല്‍കാനും രക്ഷിതാക്കള്‍ക്ക് കഴിയണം. കുട്ടികളെ ഒറ്റപ്പെടലിന് വിട്ടു കൊടുക്കാതെ സാമൂഹ്യ ജീവിതം നയിക്കുന്നവരാക്കി മാറ്റുന്നതും ലഹരിക്കെതിരായ പോരാട്ടമാണെന്നും ഇസ്മായില്‍ പറഞ്ഞു. ജാഫര്‍ കുണ്ടാല അധ്യക്ഷത വഹിച്ചു, ജാബിര്‍ വരിയില്‍, കോറോത്തറ മമ്മൂട്ടി, അസീസ് പൊന്നന്‍, റഷീദ് മാസ്റ്റര്‍, എ.കെ സൈതലവി, നിയാസ് കെ.പി, മമ്മൂട്ടി മാടമ്പാറ, മുഹമ്മദ് പി, ഹാസിഫ് പി.കെ, ഫവാസ് എം.പി, പനമരം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഹസീന ഷിഹാബുദ്ധീന്‍, ലക്ഷ്മി ആലക്കാമുറ്റം സംസാരിച്ചു, നിസാര്‍ പി സ്വാഗതവും മുസമ്മില്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles