ഓവുചാലുകളില്ല; റോഡുകളുടെ തകര്‍ച്ച അതിവേഗത്തില്‍

തരുവണ -പാലിയാണ – കക്കടവ് റോഡില്‍ ഓവുചാലുകളില്ലാത്തതിനാല്‍ വെള്ളക്കെട്ടുകള്‍ നിറഞ്ഞ നിലയില്‍

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ തരുവണ -പാലിയാണ – കക്കടവ് റോഡില്‍, ലക്ഷങ്ങള്‍ മുടക്കി കുറ്റമറ്റതാക്കിയെങ്കിലും, ഓവുചാലുകളില്ലാത്തതിനാല്‍ വെള്ളക്കെട്ടുകള്‍ നിറഞ്ഞ റോഡിന്റെ തകര്‍ച്ച അതിവേഗത്തിലാകുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് തരുവണ മുതല്‍ കക്കടവ് പാലം വരെയുള്ള, മൂന്നര കിലോമീറ്റര്‍ ദൂരം റോഡില്‍ അറ്റകുറ്റപ്പണികള്‍ ഒരുവിധം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഈ മഴക്കാലം കഴിയുന്നതോടെ റോഡ് വീണ്ടും പഴയപടിയിലേക്ക് മാറും എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
നിരവധി പോക്കറ്റ് റോഡുകള്‍, പ്രധാന റോഡുമായി സന്ധിക്കുന്നിടത്ത്, ചാലുകള്‍ പൂര്‍ണമായും നികത്തപ്പെടുന്നത് നിമിത്തം, റോഡിലേക്ക് മണ്ണും ചെളിയും വന്ന് അടിയുകയാണ്. ഇത് റോഡിന്റെ തകര്‍ച്ച അതിവേഗത്തിലാക്കുന്നു. കക്കടവ് ഭാഗത്ത് പുതുതായി ചെയ്ത ടാറിങ്ങിന്, നീര്‍ച്ചാലുകളുടെ അഭാവത്താല്‍ ആറുമാസം പോലും ആയുസ്സുണ്ടായില്ല. വീണ്ടും റോഡ് കുറ്റമറ്റതാക്കാന്‍, ലക്ഷങ്ങള്‍ ചിലവിടേണ്ടി വന്നതായി പൗരസമിതി കുറ്റപ്പെടുത്തി.
2021- 2022 വര്‍ഷത്തില്‍ തരുവണ മുതല്‍ കക്കടവ് പാലം വരെയുള്ള റോഡില്‍ ടാറിങ്ങിനായി അരക്കോടിയിലധികം രൂപ ചിലവഴിച്ചിട്ടും റോഡിലിപ്പോഴും വെള്ളക്കെട്ടുകള്‍ തന്നെയാണ്. റോഡിനിരുവശത്തുമായി എണ്‍പതില്‍പരം കുടുംബങ്ങളുടെ ഭൂമിയാണുള്ളത്. ഈ ഭൂമിയില്‍ നിന്ന് അല്‍പം വാങ്ങി ഓവുചാലുകള്‍ നിര്‍മ്മിച്ചാല്‍ റോഡുകള്‍ വര്‍ഷങ്ങളോളം തകരാതെ നില്‍ക്കുമെന്നാണ് കരുതുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles