പരിസ്ഥിതിലോല മേഖല; മന്ത്രിസഭായോഗതീരുമാനം പുനപരിശോധിക്കാമെന്ന് വനംമന്ത്രി

തിരുവനന്തപുരം: വിവാദമായ പരിസ്ഥിതിലോല മേഖലുമായി ബന്ധപ്പെട്ട വിഷയത്തില്‍ 2019ലെ ഇടതു മന്ത്രിസഭായോഗ തീരുമാനം വേണമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. പിന്‍വലിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രിയുടെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായേക്കാവുന്ന മറുപടി. നിയമപരമായി സംസ്ഥാന സര്‍ക്കാരിന് എന്തൊക്കെയാണോ ചെയ്യാന്‍ കഴിയുന്നത് അതെല്ലാം ചെയ്യും. ജനവാസമേഖലയെ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയില്‍ അതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചിരുന്നു. വനമേഖലയോട് ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ വരെയുള്ള ഭൂമി സംരക്ഷിത മേഖലയാക്കുന്ന തീരുമാനമാണ് ആവശ്യമെങ്കില്‍ പുനപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്. 2019 ഒക്ടോബറിലെ മന്ത്രിസഭായോഗ തീരുമാനം നിലനില്‍ക്കെ, എംപവേര്‍ഡ് കമ്മിറ്റിക്ക് മുന്നിലും സുപ്രീം കോടതിയിലും ഉള്‍പ്പടെ കേരളം മറിച് നിലപാട് സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
അതിനിടെ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതിലോല മേഖലയായി ഉത്തരവിടാന്‍ കാരണമായ എല്‍.ഡി.എഫ് മന്ത്രിസഭാ തീരുമാനം പുനപരിശോധിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വയനാട്ടില്‍ യു.ഡി.എഫ് നടത്തിയ സമരപരമ്പരകളുടെ വിജയമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഉത്തരവിനെതിരെയും സര്‍ക്കാര്‍ നിലപാടിനെതിരെയും ജില്ലയിലാകെ വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് യു.ഡി.എഫ് നേതൃത്വം നല്‍കിയത്. രാഹുല്‍ ഗാന്ധി എം.പിയുടെ നായകത്വത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ഐതിഹാസിക പ്രതിഷേധ റാലി ഇടതുസര്‍ക്കാരിന്റെ കണ്ണുതുറപ്പിച്ചെന്നും നേതാക്കള്‍ വിലയിരുത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles