ബഡ്‌സ് കലോത്സം: തിരുനെല്ലി സ്‌കൂളിനു കിരീടം

വയനാട് ബഡ്‌സ് സ്‌കൂള്‍ കലോത്സവം ബത്തേരിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേഷ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-ഭിന്നശേഷി കുട്ടികളുടെ സര്‍ഗശേഷി വര്‍ധിപ്പിക്കുന്നതിനും അവരുടെ മാനസികോല്ലാസത്തിനുമായി കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ ബത്തേരിയില്‍ സംഘടിപ്പിച്ച ബഡ്‌സ് കലോത്സവത്തില്‍ 83 പോയിന്റോടെ തിരുനെല്ലി ബഡ്‌സ് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. 29 പോയിന്റുകള്‍ നേടിയ കല്‍പറ്റ ബഡ്‌സ് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. ജില്ലയിലെ 11 ബഡ്‌സ് സ്‌കൂളുകളില്‍നിന്നായി 250 ഓളം കുട്ടികള്‍ കലോത്സവത്തില്‍ പങ്കാളികളായി. ലളിതഗാനം, പ്രച്ഛന്ന വഷം, നാടന്‍പാട്ട്, നാടോടിനൃത്തം തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടന്നു. ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേഷ് കലോത്സവം ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എ.കെ. റഫീഖ് മുഖ്യാതിഥിയായി. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു, ബത്തേരി നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ലിഷ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.റഷീദ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ സുപ്രിയ അനില്‍, വത്സ മാര്‍ട്ടിന്‍, ഡോളി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി.വാസുപ്രദീപ് സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ.ബിജോയ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles