വയനാട് സമ്പൂര്‍ണ ആദിവാസി സാക്ഷരത പദ്ധതി: സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

വയനാട് സമ്പൂര്‍ണ ആദിവാസി സാക്ഷരത പരീക്ഷാ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ജില്ലാതല വിതരണച്ചടങ്ങില്‍ മുതിര്‍ന്ന പഠിതാവ് ചിപ്പിയമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആദരിക്കുന്നു.

കല്‍പറ്റ-വയനാട് സമ്പൂര്‍ണ ആദിവാസി സാക്ഷരത പരീക്ഷാ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ജില്ലാതല വിതരണം പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. നിരക്ഷരതയുടെ തുരുത്തുകള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണ് സാക്ഷരതാമിഷനും സര്‍ക്കാരും ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സിവില്‍ സ്‌റ്റേഷനിലെ എ.പി.ജെ.അബ്ദുല്‍ കലാം ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പഠിതാവ് ചിപ്പിയമ്മയെ അദ്ദേഹം ആദരിച്ചു. ഒ.ആര്‍.കേളു എം.എല്‍.എ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ടി.സിദ്ദീഖ് എം.എല്‍.എ ഓണ്‍ലൈനില്‍ സന്ദേശം നല്‍കി. എ.ഡി.എം എന്‍.ഐ.ഷാജു മുഖ്യാതിഥിയായിരുന്നു. മുതിര്‍ന്ന പ്രേരക്മാരായ ശ്യാമള, കെ.മുരളീധരന്‍ എ.ബെജു ഐസക് ബിന്ദുകുമാരി എന്നിവരെ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എച്ച്. സാബു ആദരിച്ചു. ഏറ്റവും കൂടുതല്‍ പഠിതാക്കളെ പരീക്ഷയ്ക്ക് ഇരുത്തിയ പഞ്ചായത്തിനുളള പുരസ്‌കാരം പുല്‍പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര്‍ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, സാക്ഷരതാ മിഷന്‍ ഫിനാന്‍സ് ഓഫീസര്‍ എസ്.അജിത് കുമാര്‍, അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ജില്ലാ കോഡിനേറ്റര്‍ സ്വയ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Social profiles