ജീവിതയാത്രയില്‍ താങ്ങും തണലും തേടി രോഗശയ്യയിലായ നിര്‍ധന കുടുംബം

സുന്ദരനും കുടുംബാംഗങ്ങളും വയനാട് പ്രസ്‌ക്ലബില്‍.

കല്‍പ്പറ്റ:ഗൃഹനാഥനു കാന്‍സര്‍, വീട്ടമ്മയ്ക്കു രക്തം കട്ടപിടിക്കുന്ന അസുഖം, ഭിന്നശേഷിക്കാരനുമായ ഏക മകനു ഹിമോഫിലിയ. വൈത്തിരി താലൂക്ക് ആശുപത്രിക്കു സമീപം താമസിക്കുന്ന നിര്‍ധന കുടുംബത്തിന്റേതാണ് ഈ ദയനീയ ചിത്രം.
നേരത്തേ വൈത്തരി അയ്യപ്പന്‍കുന്ന് ലക്ഷം വീട് കോളനിയില്‍ താമസിച്ചിരുന്ന സുന്ദരന്‍(70), ഭാര്യ ലക്ഷ്മി വള്ളി(61), മകന്‍ സജീവ്(31) എന്നിവരാണ് വ്യാധികളുമായി പോരടിച്ചു തളരുന്നത്. സുന്ദരന്‍ റേഡിയേഷനും ലക്ഷ്മി വള്ളി രണ്ടു ശസ്ത്രക്രിയയും കഴിഞ്ഞു തുടര്‍ ചികിത്സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സജീവിനു ചികിത്സ. വിദഗ്ധ ചികിത്സയ്ക്കു സജീവനെ വെല്ലൂര്‍ ആശൂപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
കൂലിപ്പണിയെടുത്തും പെട്ടിക്കട നടത്തിയും ഉപജീവനം നടത്തിവരുന്നതിനിടെയാണ് കുടുംബത്തെ രോഗങ്ങള്‍ തളര്‍ത്തിയത്. ഇപ്പോള്‍ മൂന്നു പേരും കൂലിപ്പണിക്കു പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ചികിത്സയ്ക്കു പണം ഇല്ലാതെ ക്ലേശിക്കുകയാണ് ദമ്പതികളും മകനും. മറ്റു സാമ്പത്തിക ബാധ്യതകളും കുടുംബത്തെ അലട്ടുന്നുണ്ട്. അയ്യപ്പന്‍കുന്ന് കോളനിയിലെ വീട് 2018ലെ പ്രളയത്തില്‍ നശിച്ചു. ഇതിനു പിന്നാലെയാണ് താലൂക്ക് ആശുപത്രി പരിസരത്തേക്കു താമസം മാറ്റിയത്. സര്‍ക്കാര്‍ അനുവദിച്ച വീട് വയ്ക്കുന്നതിനു പലരില്‍നിന്നും കടം വാങ്ങിയാണ് അഞ്ചു സെന്റ് സ്ഥലം വാങ്ങിയത്. വീടുപണി ഇനിയും പൂര്‍ത്തിയായിട്ടില്ല.
കുടുംബത്തിന്റെ ചികിത്സയ്ക്കായി ധനസമാഹരണത്തിനു കെ.വി. ശ്രീശന്‍ ചെയര്‍മാനും സി. ഉണ്ണികൃഷ്ണന്‍ കണ്‍വീനറുമായി അയ്യപ്പന്‍കുന്ന് നിവാസികള്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംഭാവനകള്‍ സ്വീകരിക്കുന്നതിനു സുന്ദരന്റെയും റിട്ട.വില്ലേജ് ജീവനക്കാരനായ ഉണ്ണികൃഷ്ണന്റെയും പേരില്‍ കനറ ബാങ്ക് ശാഖയില്‍ 110040526361 നമ്പറില്‍(ഐഎഫ്എസ്‌സി കോഡ്: സിഎന്‍ആര്‍ബി 0000358) അക്കൗണ്ട് തുറന്നിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles