പുത്തുമല പുനരധിവാസം: പൂത്തകൊല്ലിയില്‍ അഞ്ചു വീടുകളുടെ താക്കോല്‍ദാനം 27ന്

വയനാട്ടിലെ മേപ്പാടി പൂത്തകൊല്ലിയില്‍ എച്ച്.ആര്‍.പി.എം നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍.

കല്‍പറ്റ-2019ലെ കാലവര്‍ഷത്തില്‍ വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട പച്ചക്കാട് ഉരുള്‍പൊട്ടി വീടും സ്ഥലവും നശിച്ച പുത്തുമല ഗ്രാമത്തിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു മേപ്പാടി ടൗണിനു സമീപം പൂത്തകൊല്ലിയില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഹര്‍ഷം പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയായ അഞ്ചു വീടുകള്‍ 27നു ഗുണഭോക്തൃ കുടുംബങ്ങള്‍ക്കു കൈമാറും. സര്‍ക്കാര്‍ സഹായവും ഉപയോഗപ്പെടുത്തി ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍(എച്ച്.ആര്‍.പി.എം) നിര്‍മിച്ചതാണ് വീടുകള്‍. ഇവയുടെ ഉദ്ഘാടനം കേരള ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാനനുമായ സി.കെ.അബ്ദുല്‍ റഹിം നിര്‍വഹിക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ബൈജുനാഥ്, ജില്ലാ കലക്ടര്‍ എ.ഗീത എന്നിവര്‍ താക്കോല്‍ദാനം നടത്തും. എം.വി.ശ്രേയാംസ്‌കുമാര്‍ എം.പി, ടി.സിദ്ദീഖ് എം.എല്‍.എ, മുന്‍ എം.എല്‍.എ സി.കെ.ശശീന്ദ്രന്‍, എച്ച്.ആര്‍.പി.എം ബ്രാന്‍ഡ് അംബാസഡറും നടനും സംവിധായകനുമായ മധുപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
രണ്ടു കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് ഓരോ വീടുമെന്നു എച്ച്.ആര്‍.പി.എം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല, സംസ്ഥാന പ്രസിഡന്റ് സി.എസ്.രാധാമണിയമ്മ, ദേശീയ ട്രഷറര്‍ എം.വി.ജി നായര്‍, ജില്ലാ പ്രസിഡന്റ് സലീഷ് ഇയ്യപ്പാടി, സെക്രട്ടറി രാജന്‍ കളക്കണ്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീട് ഒന്നിനു ഏകദേശം 11.5 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. ഇതില്‍ നാലു ലക്ഷം രൂപ സര്‍ക്കാര്‍ വിഹിതമാണ്. ബാക്കി തുക എച്ച്.ആര്‍.പി.എം അംഗങ്ങളില്‍നിന്നു സംഭാവനയായി സമാഹരിച്ചതാണ്. മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് വിലയ്ക്കുവാങ്ങി സ്‌നേഹഭൂമി എന്നു പേരിട്ടു ജില്ലാ ഭരണകൂടത്തിനു കൈമാറിയ ഏഴ് ഏക്കറിലാണ് ഹര്‍ഷം പദ്ധതി.
ഉരുള്‍പൊട്ടലില്‍ പുത്തുമലയിലെ 95 കുടുംബങ്ങള്‍ക്കാണ് വീടും സ്ഥലവും നഷ്ടമായത്. ഇതില്‍ 10 കുടുംബങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ സ്വീകരിച്ചു. ബാക്കിയുള്ളതില്‍ 52 കുടുംബങ്ങളെയാണ് ഹര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമാണ് വീടുകളുടെ നിര്‍മാണച്ചുമതല ഏറ്റെടുത്തത്. കുറച്ചു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. സ്‌നേഹഭൂമിയില്‍ ഓരോ ഗുണഭോക്തൃകുടുംബത്തിനും ഏഴു സെന്റ് ഭൂമിയാണ് അനുവദിച്ചത്. മൂന്നു ഏക്കര്‍ പൊതുസ്ഥലമാണ്. ഏതാനും വീടുകള്‍ കൂടി പണിയുന്നതിനുള്ള പ്ലോട്ടുകള്‍ സ്‌നേഹഭൂമിയിലുണ്ട്.

Leave a Reply

Your email address will not be published.

Social profiles