തനിയേ വന്നുചേര്‍ന്ന തന്റേടത്തിന്റെ പകിട്ടില്‍ സൗമ്യ

കല്‍പറ്റ-ചില തന്റേടങ്ങള്‍ തനിയേ വന്നുചേരുന്നതാണ്. അത്തരത്തിലുള്ള ഒന്നാണ് 2018 ജനുവരിയിലെ ഒരു രാത്രി കൊല്ലം കരുനാഗപ്പള്ളി തേലക്കര കിഴക്കേക്കര സ്വദേശിനി എസ്. സൗമ്യയില്‍നിന്നു പുറത്തുവന്നത്. ജോലി ചെയ്യുന്ന കടയില്‍നിന്നു രാത്രി തനിച്ചു സ്‌കൂട്ടറില്‍ വീട്ടിലേക്കു യാത്ര ചെയ്യുമ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ രണ്ടു പേര്‍ സൗമ്യയുടെ മൂന്നര പവന്റെ മാല പൊട്ടിച്ചു കടന്നു. സെക്കന്‍ഡുകളോളം തരിച്ചുനിന്ന സൗമ്യ പിന്നീട് എങ്ങുനിന്നോ വന്നുചേര്‍ന്ന ധൈര്യത്തിന്റെ ബലത്തില്‍ സ്‌കൂട്ടറില്‍ ബൈക്കിനു പിന്നാലെ കുതിച്ചു. കുണ്ടും കുഴിയും നിറഞ്ഞ വീതി കുറഞ്ഞ നാട്ടുപാതയിലൂടെ പരാമാവധി വേഗതയില്‍ ഏകദേശം മൂന്നര കിലോമീറ്റര്‍ ബൈക്കിനെ പിന്തുടര്‍ന്നു. ചെയ്‌സിനിടെ എതിരേ ഒരു കാര്‍ വന്നപ്പോള്‍ ബൈക്കിന്റെ വേഗത കുറഞ്ഞു. ഈ തക്കത്തിനു സ്‌കൂട്ടര്‍ ചക്രത്തില്‍ ഇടിപ്പിച്ചപ്പോള്‍ ബൈക്ക് മറിഞ്ഞു. ഈ സമയം ബൈക്കില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന ചെറുപ്പക്കാരന്‍ ഇരുളിലേക്കു ഊളിയിട്ടു. രണ്ടാമനെ സൗമ്യ പിടിച്ചുവെച്ചു. ഇരുവുമായി പിടിവലി നടക്കുന്നതിനിടെ പരിസരത്ത് ഓട്ടോ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നവരടക്കം രംഗത്തെത്തി. ബൈക്കില്‍ യുവാക്കള്‍ മാല പൊട്ടിച്ചുവെന്നും അതുമായി ഒരാള്‍ ഓടിപ്പോയെന്നും സൗമ്യ നാട്ടുകാരോടു പറഞ്ഞു. എന്നാല്‍ മാല പൊട്ടിച്ചതു യുവാവ് നിഷേധിച്ചു. സൗമ്യ ഭ്രാന്തു പറയുയാണെന്നും മാല പൊട്ടിച്ചതു മറ്റാരെങ്കിലും ആകാമെന്നും യുവാവ് ന്യായീകരിച്ചു. ഒടുവില്‍ പ്രശ്‌നം ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിലെത്തി. സൗമ്യയുടെ പരാതി ഗൗരവത്തിലെടുത്ത പോലീസ് ബൈക്കില്‍നിന്നു ഓടി രക്ഷപ്പെട്ടയാളെ അന്നു രാത്രിതന്നെ പൊക്കി. മാലയും കണ്ടെടുത്തു.
അരുതായ്മ നടന്നപ്പോള്‍ സൗമ്യ കാട്ടിയ തന്‍േടമാണ് നവ്യ നായരെ നായികയാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന സിനിമയുടെ കഥാബിന്ദു. വിപരീത സാഹചര്യത്തെ സൗമ്യ നേരിട്ട അസാധാരണ രീതിയില്‍ ഊന്നിനിന്നു എസ്.സുരേഷ് ബാബു വികസിപ്പിച്ചതാണ് ‘ഒരുത്തി’യുടെ കഥയും തിരക്കഥയും.
സ്ത്രീപക്ഷ സിനിമ എന്ന നിലയില്‍ ‘ഒരുത്തി’ ആസ്വാദകരുടെ കൈയടി നേടുമ്പോള്‍ വര്‍ഷങ്ങളടെ ഇടവേളയ്ക്കുശേഷം ഒരിക്കല്‍ കൂടി ജനശ്രദ്ധ നേടുകയാണ് സൗമ്യ. അതിസാഹസികതയിലൂടെ സൗമ്യ കള്ളന്‍മാരെ നിയമത്തിനു മുന്നിലെത്തിച്ച കഥ മുമ്പ് മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. അപ്പോഴാണ് തിരക്കഥാകൃത്ത് സുരേഷ്ബാബുവിനു ഒരു ത്രഡ് വീണുകിട്ടിയതും.
സൗമ്യ ഇപ്പോള്‍ വയനാട്ടില്‍ കല്‍പറ്റയ്ക്കടുത്ത് എമിലിയിലാണ് താമസം. ഭര്‍ത്താവ് ഷൈജുവിനു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി കല്‍പറ്റ മുനിസിപ്പാലിറ്റിയിലേക്കു സ്ഥലംമാറ്റം ലഭിച്ചപ്പോഴാണ് ജീവിതം വയനാട്ടിലേക്കു പറിച്ചുനാട്ടിയത്. നിലവില്‍ എ.ഐ.വൈ.എഫ് വയനാട് ജില്ലാ വൈസ് പ്രസിഡന്റാണ് സൗമ്യ. സൗമ്യയുടെ ജീവിതാനുഭവങ്ങളില്‍ ഒന്നാണ് ‘ഒരുത്തി’യുടെ കഥയ്ക്കു ആധാരം എന്നറിഞ്ഞവര്‍ അവരെ നേരില്‍ക്കണ്ടും ഫോണ്‍ ചെയ്തും അഭിനന്ദന വര്‍ഷം നടത്തുകയാണ്. സൗമ്യക്കു സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് ചില വനിതാ സംഘടനകള്‍.
സിനിമയുട തെിരക്കഥ തയാറാക്കുന്നതിനു മുമ്പു സുരേഷ് ബാബു സൗമ്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് ക്ഷണിച്ചതനുസരിച്ചു സൗമ്യ കൊച്ചിയിലെത്തി നവ്യ നായരെ കാണുകയുമുണ്ടായി.
മാല നഷ്ടപ്പെട്ടുവെന്നു അമ്മയോട് എങ്ങനെ പറയും എന്ന വ്യാകുലതയാണ് കള്ളന്‍മാര്‍ക്കു പിന്നാലെ പായാന്‍ പ്രേരണയായതെന്നു വയനാട് പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തരുമായി സംസാരിക്കവെ സൗമ്യ പറഞ്ഞു. പണയത്തിലായിരുന്ന മാല തിരിച്ചെടുത്ത അതേദിവസമായിരുന്നു സൗമ്യയ്ക്കു ദുരനുഭവം. പീടികയിലെ ജോലിക്കായി വീട്ടില്‍നിന്നിറങ്ങുമ്പോള്‍ കള്ളന്‍മാരെക്കുറിച്ച് അമ്മ മുന്നറിയിപ്പ് നല്‍കിയതാണ്. മാല വീട്ടില്‍വെച്ചു പോകാനും ഉപദേശിച്ചു. ഇതു വകവെക്കാതെയാണ് മാലയണിഞ്ഞ് കടയിലേക്കു പോയത്. മാലയില്ലാതെ വീട്ടില്‍ തിരിച്ചെത്തിയാല്‍ അമ്മ അടിച്ചിറക്കുമല്ലോ എന്ന ചിന്ത കള്ളന്‍മാര്‍ക്കു പിന്നാലെ കുതിക്കാന്‍ നിര്‍ബന്ധിതയാക്കിയെന്നു സൗമ്യ പറഞ്ഞു. തന്റെ ജീവിതാനുഭവം സിനിമയില്‍ നവ്യ നായര്‍ മനോഹരമായി അവതരിപ്പിച്ചതായി സൗമ്യ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പറയാന്‍ പാടില്ലാത്തതായിരുന്നുവെന്നു സൗമ്യ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles