ഡോ.ഋഷികേശിനെതിരായ ആക്രമണം: പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധം

കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഋഷികേശിനെ ആക്രമിച്ച കേസുകളില്‍ പ്രതികളെ അറസ്്റ്റു ചെയ്യാത്തതില്‍ പ്രതിഷേധവുമായി കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍. പ്രതികളെ നിയമത്തിനു മുന്നില്‍ നിര്‍ത്തുന്നതില്‍ പോലീസ് ഉദാസീനത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിനു അസോസിയേഷന്‍ നിര്‍ബന്ധിതമാകുമെന്നു ജില്ലാ പ്രസിഡന്റ് ഡോ.കെ.പി. കുഞ്ഞക്കണ്ണന്‍, സെക്രട്ടറി ഡോ.ഇ.ജെ. നിമ്മി, വൈസ് പ്രസിഡന്റ് ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസ്, സംസ്ഥാന കമ്മിറ്റിയംഗം ഡോ.ടി.കെ. കര്‍ണന്‍, ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഡോ.ഹരീഷ് കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു. ജൂണ്‍ 27നും ജൂലൈ നാലിനുമാണ് ഡോ.ഋഷികേശിനേതിരേ ആക്രമണം നടന്നത്.
ജൂണ്‍ 27നു രാത്രി എട്ടരയ്ക്കു പുല്‍പ്പള്ളി പോലീസ് പോക്‌സോ കേസ് പ്രതിയെ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിരുന്നു. പരിശോധന തുടരുന്നതിനിടെ കുട്ടിയെ കാണിക്കുന്നതിനായി ചിലര്‍ എത്തി. പ്രാഥമിക പരിശോധന നടത്തിയ ഡോക്ടര്‍ കുട്ടിയുടെ കൂടെ ഉണ്ടായിരുന്നവരോട് കാത്തിരിക്കാന്‍ നിര്‍ദേശിച്ചു. പിന്നീട് പോക്‌സോ കേസ് പ്രതിയുടെ പരിശോധന തുടര്‍ന്നു. ഇതിനിടെ മുറിയില്‍ അത്രിക്രമിച്ചുകയറിയവര്‍ ഡോക്ടറെ അസഭ്യം വിളിച്ച് കൈയേറ്റം ചെയ്തു.
ജൂലൈ നാലിനു ഉച്ചയ്ക്കു കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ച രോഗിക്കു വൈകുന്നേരം ശ്വാസംമുട്ടല്‍ ഉണ്ടായപ്പോള്‍ നെഞ്ചിന്റെ എക്‌സ് റേ എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കി. ഈ സമയം ആശുപത്രിയിലെ എക്‌സ് റേ യൂണിറ്റിന്റെ പ്രവര്‍ത്തനസമയം കഴിഞ്ഞിരുന്നു. എക്‌സ് റേ പുറത്തുനിന്നു എടുക്കേണ്ട സാഹചര്യത്തില്‍ രോഗിയുടെ ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാര്‍ രോഷം കൊള്ളുകയും ഡോക്ടറെ ആക്രമിക്കുകയുമായിരുന്നു. രണ്ടു സംഭവങ്ങളിലും ഡോക്ടറുടെ പരാതിയില്‍ ബത്തേരി പോലീസ് ആശുപത്രി സംരക്ഷണ നിയമപ്രകാരം എഫ്‌ഐആര്‍ ഇട്ടെങ്കിലും ഇതുവരെ പ്രതികളെ അറസ്റ്റു ചെയ്തില്ല. ആദ്യ സംഭവത്തില്‍ പുല്‍പ്പള്ളിയില്‍നിന്നുള്ള പോലീസുകാരുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. രണ്ടാമത്തെ കേസില്‍ ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ പോലീസിനു കൈമാറിയിരുന്നു. പ്രതികളെ ഉടന്‍ പിടികൂടണമെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ ഡിവൈഎസ്പിയോട് അഭ്യര്‍ഥിക്കുകയുമുണ്ടായി. എന്നിട്ടും അറസ്റ്റു വൈകുന്നതില്‍ അസ്വസ്ഥരാണ് ഡോക്ടര്‍മാര്‍.
ഡോ.ഋഷികേശിനുണ്ടായ ദുരനുഭവം അസോസിയേഷന്‍ ജില്ലാ ഘടകം സംസ്ഥാന ഭാരവാഹികളെയും ലീഗല്‍ സെല്‍ ചുമതലുള്ളവരെയും അറിയിച്ചിരുന്നു. പ്രശ്‌നത്തില്‍ ഇടപെടാനുള്ള തീരുമാനത്തിലാണ്
അസോസിയേഷന്‍ സംസ്ഥാന നേതൃത്വം.

0Shares

Leave a Reply

Your email address will not be published.

Social profiles