ആഫ്രിക്കന്‍ പന്നിപ്പനി: ദയാവധം ആറു മണിയോടെ തുടങ്ങും

മാനന്തവാടി: ആഫ്രിക്കന്‍ പനി സ്ഥിരീകരിച്ച ഫാമുകളിലും അവയുടെ ഒരു കിലോമീറ്റര്‍ പരിധിയിലും വളര്‍ന്ന പന്നികളെ ദയാവധയത്തിനു വിധേയമാക്കുന്നതിനു വൈകുന്നേരം ആറു മണിയോടെ തുടക്കമാകും. തവിഞ്ഞാലില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ച സ്വകാര്യ ഫാമിലെ പന്നികളെയാണ് ഘട്ടങ്ങളായി ആദ്യം ദയാവധം ചെയ്യുക. കുഞ്ഞുങ്ങള്‍ അടക്കം 360 പന്നികള്‍ ഈ ഫാമിലുണ്ട്. സ്റ്റണ്ണര്‍ ഉയോഗിച്ചു ബോധം കെടുത്തി ദയാവധം ചെയ്യുന്ന മുറയ്ക്കു പന്നികളെ കുഴിച്ചുമൂടും. തവിഞ്ഞാലില്‍ ഇതിനായി അഞ്ചു കുഴികള്‍ ഇന്നു വൈകുന്നേരത്തോടെ തയാറാക്കി. വലിയ പത്ത് പന്നികളെ ഒന്നിച്ചു മറവുചെയ്യാന്‍മാത്രം വലിപ്പമുള്ളതാണ് ഓരോ കുഴിയും. ദയാവധത്തിനു മുന്നോടിയായി സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മിയുടെ നേകൃത്വത്തില്‍ 16 അംഗ റാപിഡ് റെസ്‌പോണ്‍സ് ടീം ഫാമിലെത്തി. പന്നികളെ ദയാവധം ചെയ്യുന്നതിനുള്ള സമ്മതം ഫാം ഉടമ സബ് കലക്ടറെ അറിയിച്ചു. ഫാം ഒ.ആര്‍. കേളു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
രണ്ടു സീനിയര്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദയാവധം നടത്തുക. തവിഞ്ഞാലിലെ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വേറേ പന്നിക്കര്‍ഷകരില്ല. മാനന്തവാടി നഗരസഭയിലെ കണിയാരത്തിനു സമീപം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച ഫാമില്‍ നിലവില്‍ പന്നികളില്ല. എന്നാല്‍ ഈ ഫാമിനു ഒരു കിലോമീറ്റര്‍ പരിധിയില്‍ പന്നിക്കൃഷിയുള്ള കര്‍ഷകരുണ്ട്. ആകെ അറുനൂറോളം പന്നികളെയാണ് ദയാവധത്തിനു വിധേയമാക്കേണ്ടത്. ഇതിനു മൂന്നോ നാലോ ദിവസം എടുക്കുമെന്നാണ് മൃഗ സംരക്ഷണ വകുപ്പുദ്യോഗസ്ഥര്‍ പറയുന്നത്. പന്നികളെ ബോധം കെടുത്തുന്നതിനുള്ള സ്റ്റണ്ണര്‍ മണ്ണുത്തി വെറ്ററിനറി കോളേജില്‍നിന്നാണ് എത്തിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles