ഓട്ടിസം ബാധിതര്‍ക്കു പെന്‍ഷന്‍: ബിരിയാണി ചലഞ്ചുമായി കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി

കല്‍പ്പറ്റ: ജീവകാരുണ്യരംഗത്തു ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിവരുന്ന കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി നഗരസഭയിലെ ഓട്ടിസം ബാധിര്‍ക്കായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നു. ഒരോ ഓട്ടിസം ബാധിതനും പ്രതിമാസം 1,000 രൂപ മണി ഓര്‍ഡറായി ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി. ഇതിലേക്കുള്ള ധനസമാഹരണത്തിനു ഓഗസ്റ്റ് 15, 16 തീയതികളില്‍ ബിരിയാണി ചലഞ്ച് നടത്തുമെന്നു സൊസൈറ്റി ഭാരവാഹികളായ യു.കെ. ഹാഷിം, ഇബ്രാഹിം തെന്നാണി, വി.വി. സലിം, അഷ്‌റഫ് മുപ്പറ്റ, ചലഞ്ച് സംഘാടക സമിതി ചെയര്‍മാന്‍ പി.പി. മുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
100 രൂപ നിരക്കില്‍ 10,000 ബിരിയാണി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലും വിറ്റഴിക്കുകവഴി പെന്‍ഷന്‍ പദ്ധതിക്കായി അഞ്ചു ലക്ഷം രൂപ നീക്കിവയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു. ഓട്ടിസം ബാധിതരുടെ പട്ടിക തയാറാക്കിവരികയാണ്. സെപ്റ്റംബര്‍ മുതല്‍ പെന്‍ഷന്‍ ലഭ്യമാക്കും. ബിരിയാണി ചലഞ്ച് വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗതിയിലാണ്.
മുനിസിപ്പാലിറ്റിയിലെ അമ്പിലേരി ആസ്ഥാനമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ പതിറ്റാണ്ടുമുമ്പു തുടങ്ങിയതാണ് സൊസൈറ്റി. 2013 മുതല്‍ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ ദിവസവും രാവിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കഞ്ഞിവിതരണം നടത്തുന്നുണ്ട്. കോവിഡ് കാലത്തും ഇതു മുടക്കിയില്ല. ഓണം, ക്രിസ്മസ്, ചെറിയപെരുന്നാള്‍ തുടങ്ങിയ ആഘോഷദിവസങ്ങളില്‍ രോഗികള്‍ക്കും സഹായികള്‍ക്കും വിഭവസമൃദ്ധമായ സദ്യ നല്‍കുന്നുണ്ട്. നിര്‍ധന കുടുംബങ്ങള്‍ക്കു മാസം തോറും ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി ലഭ്യമാക്കുന്ന സൊസൈറ്റി കിഡ്‌നി രോഗ ചികില്‍സ, അടിയന്തര ശസ്ത്രിക്രിയ, പാവപ്പെട്ട വീടുകളിലെ യുവതികളുടെ വിവാഹം, ഭവനനിര്‍മാണം, പഠനം എന്നിവയ്്ക്കു സഹായം നല്‍കുന്നുണ്ട്. ആവശ്യക്കാര്‍ക്കു മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇതിനകം 11 യുവതികളുടെ വിവാഹം അവരവരുടെ വീടുകളില്‍ സൊസൈറ്റി നടത്തി. സ്‌പോണ്‍സര്‍ഷിപ്പിപ്പ്, സാംസ്‌കാരിക കൂട്ടായ്മ, കലാവിരുന്ന് എന്നിവയുടെ സംഘാടനത്തിലൂടെയാണ് ജീവകാരുണ്യപ്രവര്‍ത്തനത്തിനു തുക കണ്ടെത്തുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles