ഭൂസമരച്ചൂടില്‍ മരിയനാട് എസ്റ്റേറ്റ്

മരിയനാട് എസ്റ്റേറ്റില്‍ ഭൂസമരത്തിന്റെ ഭാഗമായി നിര്‍മിച്ച കുടിലിനു മുന്നില്‍ ആദിവാസികള്‍.

കല്‍പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട പാമ്പ്ര മരിയനാടില്‍ വനം വികസന കോര്‍പറേഷന്റെ അധീനതയിലായിരുന്ന കാപ്പിത്തോട്ടത്തില്‍ ഭൂസമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ എണ്ണം അഞ്ഞുറിനു മുകളിലായി. സമീപ ദിവസങ്ങളിലായി നിരവധി കുടിലുകളാണ് തോട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നത്. കൃഷിക്കും വാസത്തിനും യോജിച്ച ഭൂമിക്കായി കാത്തിരുന്നു മടുത്ത ആദിവാസി കുടുംബങ്ങളാണ് മരിയനാടില്‍ കാറ്റും മഴയും ഉള്‍പ്പെടെ പ്രതികൂല സാഹചര്യങ്ങളുമായി പോരാടിച്ച് സമരം ചെയ്യുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഭൂരഹിത പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളാണ് കാപ്പിത്തോട്ടത്തില്‍ കുടില്‍കെട്ടി താമസമാക്കിയ കുടുംബങ്ങളില്‍ അധികവും.
ആദിവാസി ഗോത്രമഹാസഭ, ഇരുളം ഭൂസമര സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 31നു ആദിവാസികള്‍ ആരംഭിച്ചതാണ് ഭൂസമരം. തുടക്കത്തില്‍ 200നടുത്ത് കുടിലുകളാണ് ഉണ്ടായിരുന്നത്. പിന്നീട് ആദിവാസി ഐക്യവേദി ഉള്‍പ്പെടെ വിവിധ പട്ടികവര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ കൂടുതല്‍ കുടുംബങ്ങള്‍ തോട്ടത്തിലെത്തി കുടിലുകള്‍ കെട്ടുകയായിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകെട്ടി തയാറാക്കിയതാണ് കുടിലുകളല്ലാം.
വനം വികസന കോര്‍പറേഷന്‍ തോട്ടമാക്കി കൈവശം വെച്ചിരുന്ന 500 ഏക്കറിലധികം വരുന്ന മരിയനാട് എസ്റ്റേറ്റ് 2003ലെ മുത്തങ്ങ പ്രക്ഷോഭത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ആദിവാസി പുനരധിവാസത്തിന് കൈമാറിയ 19,000 ഏക്കര്‍ നിക്ഷിപ്ത വനഭൂമിയില്‍ ഉള്‍പ്പെട്ടതാണ്. ‘ആദിവാസി പുനരധിവാസത്തിന് മാറ്റിവെച്ച ഭൂമി’ എന്ന് എഴുതിയ ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ, എസ്റ്റേറ്റ് ആദിവാസികള്‍ക്ക് പതിച്ചു നല്‍കാന്‍ വനം വകുപ്പോ സര്‍ക്കാരോ നടപടിയെടുത്തില്ല. വനം വികസന കോര്‍പറേഷന്‍ തോട്ടത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ക്കു ആനുകുല്യങ്ങളും ലഭിച്ചില്ല. ഏതാനും തൊഴിലാളി കുടുംബങ്ങളും തോട്ടത്തില്‍ താമസമുണ്ട്.
ഭൂരഹിത ആദിവാസികള്‍ക്കു വിതരണത്തിനു ഉപയോഗപ്പെടുത്തേണ്ട 90 ഹെക്ടര്‍ ഭൂമിയാണ് മരിയാനാട് എസ്റ്റേറ്റിലുള്ളത്. ഒരു ഏക്കര്‍ വീതം 200 ഓളം കുടുംബങ്ങള്‍ക്കു വിതരണം ചെയ്യുന്നതിനു ഈ ഭൂമി പര്യാപ്തമാണ്. ആനുകൂല്യങ്ങള്‍ നല്‍കി തൊഴിലാളികളെ ഒഴിവാക്കിയശേഷം ഭൂമി അളന്നുതിരിച്ചു അര്‍ഹരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു നല്‍കണമെന്നാണ് എസ്റ്റേറ്റില്‍ സമരത്തിനു നേതൃത്വം നല്‍കുന്ന ആദിവാസി സംഘടനകളുടെ ആവശ്യം. ഭൂവിതരണത്തില്‍ മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ആദിവാസി കുടുംബങ്ങള്‍ക്കു മുന്‍ഗണന ആദിവാസി ഗോത്രമഹാസഭ ആവശ്യപ്പെടുന്നുണ്ട്. നിയമപരമായതടക്കം തടസങ്ങള്‍ വേഗത്തില്‍ നീക്കി ഭൂവിതരണം നടത്തണമെന്നാവശ്യപ്പെട്ട് ഗോത്രമഹാസഭ ജൂണ്‍ 20നു കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു.
കോട്ടത്തറ, പുല്‍പ്പള്ളി, പനമരം, പൂതാടി, നെന്‍മേനി, നൂല്‍പ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലും മാനന്തവാടി, ബത്തേരി മുനിസിപ്പാലിറ്റികളിലുംനിന്നുള്ള ആദിവാസി കുടുംബങ്ങളാണ് മരിയനാട് എസ്റ്റേറ്റില്‍ ഭൂസമരം ചെയ്യുന്നതെന്നു ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂര്‍, സെക്രട്ടറി ബിനു പുത്തന്‍പുര, ജില്ലാ പ്രസിഡന്റ് സീത നായക്കെട്ടി, ഗോപാലന്‍ വിജയന്‍കുന്ന് എന്നിവര്‍ പറഞ്ഞു. സമരഭൂമിയിലെ കുടുംബങ്ങള്‍ പട്ടിണിയിലല്ലെന്നു അധികൃതര്‍ ഉറപ്പുവരുത്തണമെന്നു ആവര്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles