ബത്തേരി കാര്‍ഷിക വികസന ബാങ്ക്: വ്യാജരേഖ ചമച്ചെന്നു സഹകരണ വിജിലന്‍സ്

കല്‍പറ്റ: സുല്‍ത്താന്‍ബത്തേരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അധികൃതര്‍ വാഹനം വാങ്ങുന്നതിനും ഓണററി സെക്രട്ടറിക്കു ഓണറേറിയം നല്‍കുന്നതിനും വ്യജരേഖ ചമച്ചുവെന്ന പരാതി ശരിവച്ച് സഹകരണ വിജിലന്‍സ്. ബാങ്കിലെ എ ക്ലാസ് അംഗം റോയി ജോണിന്റെ പരാതിയാണ് വിജിലന്‍സ് അന്വേഷണത്തില്‍ ശരിയാണെന്നു തെളിഞ്ഞത്. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) കെ. നാരായണന്‍ യഥാക്രമം 2013 സെപ്റ്റംബര്‍ 10നും 2014 ജൂലൈ 19നും പുറപ്പെടുവിച്ചതു എന്നു കാണിച്ചു ബാങ്ക് ഉപയോഗപ്പെടുത്തിയ ഉത്തരവുകള്‍ വ്യാജമാണെന്നായിരുന്നു റോയി ജോണിന്റെ പരാതി. രണ്ട് ഉത്തരവുകളും ബാങ്ക് വ്യാജമായി നിര്‍മിച്ചതാണെന്നു വിജിലന്‍സ് കണ്ടെത്തി.
റോയ് ജോണിന്റെ പരാതിയില്‍ ജില്ലാ പോലീസ് മേധാവി നടത്തിയ അന്വേണത്തില്‍ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവുകളടങ്ങുന്ന ഫയലുകള്‍ അപ്രത്യക്ഷമായതായി കണ്ടെത്തി. ഫയലുകള്‍ കാണാതായതില്‍ദുരൂഹതുണ്ടെന്നും സഹകരണ വിജിലന്‍സ് അന്വേഷിക്കണമെന്നും ജില്ലാ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.
ബാങ്ക് വ്യാജ ഉത്തരവുകള്‍ സൃഷ്ടിച്ചതായി റോയി ജോണ്‍ ബത്തേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും കളവാണെന്നു പറഞ്ഞു എഴുതിത്തള്ളുകയാണുണ്ടായത്. ഉത്തരവുകളില്‍ ഒപ്പിട്ടതു താനാണെന്ന ജോയിന്റ് രജിസ്ട്രാറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ സഹകരണ വകുപ്പ് ചട്ടം 65, 68 പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഉത്തരവുകള്‍ വ്യാജമാണെന്നായിരുന്നു ജോയിന്റ് രജിസ്ട്രാറുടെ രേഖമൂലമുള്ള മൊഴി. പരസ്പര വിരുദ്ധമായ മൊഴികള്‍ ലഭിച്ചിട്ടും ആധികാരികത പരിശോധിക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്നാണ് വിജിലന്‍സ് നിരീക്ഷണം. വ്യാജ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളുടെ റദ്ദാക്കലും ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പുനരന്വേഷണവും വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles