സമ്മിശ്ര കൃഷിയില്‍ തിളങ്ങി ശശീന്ദ്രന്‍

ശശീന്ദ്രന്‍ കൃഷിയിടത്തില്‍.

കല്‍പറ്റ: ജൈവ വൈവിധ്യത്തിന്റെ ധന്യതയില്‍ വെങ്ങപ്പള്ളി തെക്കുംതറ കൃഷ്ണവിലാസത്തില്‍ ശശീന്ദ്രന്റെ കൃഷിയിടം. അപൂര്‍വ ഇനത്തില്‍പ്പെട്ടതടക്കം ഔഷധച്ചെടികളും ഫലവൃക്ഷങ്ങളും തണല്‍ വിരിക്കുന്ന ഏഴേക്കര്‍ തോട്ടത്തില്‍ മത്സ്യങ്ങളെ വളര്‍ത്തുന്ന 12 കുളങ്ങളുമുണ്ട്.
രണ്ടു പതിറ്റാണ്ടായി ജൈവരീതിയില്‍ സമ്മിശ്ര കൃഷി നടത്തിവരികയാണ് ശശീന്ദ്രന്‍. ശ്യാം ഫാം എന്നു പേരിട്ട കൃഷിയിടത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ കളിയാടുകയാണ് ഹരിതകാന്തി. ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ അംഗീകാരമുള്ള സാറ്റലൈറ്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ശ്യാം ഫാം. തോട്ടത്തില്‍ നട്ടുപരിപാലിക്കുന്ന ഔഷധച്ചെടികളുടെ എണ്ണം ആയിരം കവിയും. മാങ്കോസ്റ്റിന്‍, ലിച്ചി, റംബൂട്ടാന്‍, മൂട്ടിപ്പഴം, അംബിയ, ബാസു… ഇങ്ങനെ നീളുന്നതാണ് 30 ഓളം ഇനം ഫലവൃക്ഷങ്ങളുടെ നിര. രുദ്രാക്ഷം, ഭദ്രാക്ഷം, ജന്‍മനക്ഷത്ര സസ്യങ്ങള്‍, ദശ പുഷ്പങ്ങള്‍, കടമ്പ്, ശിംശിപ, ഊദ് തുടങ്ങിയവയും കൃഷിയിടത്തിലുണ്ട്.
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ജൈവ വൈവിധ്യ സംരക്ഷണ സ്‌കൂള്‍, ഫാം സ്‌കൂള്‍, നടീല്‍ വസ്തുക്കളുടെ നഴ്‌സറി എന്നിവ കൃഷിയിടത്തിന്റെ ഭാഗമാണ്. അലങ്കാര ഇനങ്ങളില്‍പ്പെട്ടതടക്കം മത്സ്യങ്ങളെയാണ് കുളങ്ങളില്‍ വളര്‍ത്തുന്നത്. പശു, കോഴി, താറാവ് കൃഷിയും ശശീന്ദ്രനുണ്ട്.
ഫാം ടൂറിസം കേന്ദ്രമായും പ്രവര്‍ത്തിക്കുന്ന കൃഷിയിടം സന്ദര്‍ശിക്കാന്‍ കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍ തുടങ്ങിയവര്‍ എത്തുന്നുണ്ട്. ഉത്തരവാദ ടൂറിസം മിഷന്റെ അംഗീകാരം ശ്യാം ഫാമിനുണ്ട്. സന്ദര്‍ശകര്‍ക്കു താമസത്തിനു വില്ല, ഫാം സ്‌റ്റേ സൗകര്യം കൃഷിയിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
നിരവധി പുരസ്‌കാരങ്ങളാണ് ഇതിനകം ശശീന്ദ്രനെ തേടിയെത്തിയത്. ആലപ്പുഴ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്‌കാരമാണ് (രണ്ട ലക്ഷം രൂപ) ഏറ്റവും ഒടുവില്‍ ലഭിച്ചത്. ഇക്കണോമിക്‌സ് ബിരുദധാരിയാണ് ശശീന്ദ്രന്‍. ഭാര്യ ഉഷയും ശ്യാമില്‍, ശീശ്മ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

0Shares

Leave a Reply

Your email address will not be published.

Social profiles