വയനാട് മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ വേണം-ബി.ജെ.പി

കല്‍പറ്റ-വയനാട് മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ സ്ഥാപിക്കണമെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി.മധു ആവശ്യപ്പെട്ടു. മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി വിട്ടുകൊടുത്ത 50 ഏക്കറില്‍ മെഡിക്കല്‍ കോളേജിനായി നിര്‍മാണം നടത്തുന്നതിനെ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും സ്വാഗതം ചെയ്തതാണ്. തുടര്‍ന്നുവന്ന എല്‍.ഡി.എഫ് സര്‍ക്കാരും തുടക്കത്തില്‍ മടക്കിമല മെഡിക്കല്‍ കോളേജ് പദ്ധതിയുമായി മുന്നോട്ടുപോയി. കല്‍പറ്റ-മാനന്തവാടി റോഡിലെ മുരണിക്കരയില്‍നിന്നു മെഡിക്കല്‍ കോളേജ് ഭൂമിയിലേക്കുള്ള റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ നടത്തി. മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ചിത്രം മാറി. മടക്കിമലയിലെ ഭൂമിയില്‍ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്നു പറഞ്ഞു മെഡിക്കല്‍ കോളേജ് പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറി. പിന്നീട് ചുണ്ടേല്‍ വില്ലേജില്‍ മെഡിക്കല്‍ കോളേജിനായി ഭൂമി വിലയ്ക്കുവാങ്ങാന്‍ നീക്കം നടത്തി. ഇതിനിടെ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി ഏറ്റെടുക്കുന്നതു സംബന്ധിച്ചും ആലോചന നടന്നു. ഒടുവില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തു മാനന്തവാടി ജില്ലാ ആശുപത്രി താത്കാലികമായി മെഡിക്കല്‍ കോളേജായി ഉയര്‍ത്തി. മാനന്തവാടിയില്‍നിന്നു ഏകദേശം 14 കിലോമീറ്റര്‍ അകലെ കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയിലെ ബോയ്‌സ് ടൗണില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ മെഡിക്കല്‍ കോളേജിനുള്ള സ്ഥിരം നിര്‍മാണം നടത്താനാണ് പുതിയ തീരുമാനം. ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടി മണ്ഡലം മാത്രമാണ് എല്‍.ഡി.എഫിനൊപ്പം നിന്നത്. ഈ സാഹചര്യം മെഡിക്കല്‍ കോളേജ് കല്‍പറ്റ, ബത്തേരി മണ്ഡലങ്ങളില്‍ ആകരുതെന്ന സി.പി.എം ദുര്‍വാശിക്കു കാരണമായി. മെഡിക്കല്‍ കോളേജ് ബോയ്‌സ് ടൗണില്‍ എത്തിക്കുന്നതിനു കണ്ണൂരിലെ വ്യാപാര-വ്യവസായ ലോബിയുടെ ഇടപെടലും ഉണ്ടായി.
മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനു ഉചിതമായ ഇടമായല്ല ജില്ലയിലെ ഭൂരിപക്ഷം ജനങ്ങളും ബോയ്‌സ് ടൗണിനെ കാണുന്നത്. വൈത്തിരി, ബത്തേരി താലൂക്കുകളുടെ പല ഭാഗങ്ങളിലും ഉള്ളവരെ സംബന്ധിച്ചിടത്തോളം ബോയ്‌സ് ടൗണ്‍ വിദൂര പ്രദേശമാണ്. ഈ യാഥാര്‍ഥ്യം സര്‍ക്കാര്‍ ഉള്‍ക്കൊള്ളണമെന്നു മധു ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Social profiles