കെ റെയില്‍ സി.പി.എമ്മിനു കമ്മീഷന്‍ പറ്റാനുള്ള ഏര്‍പ്പാട്-ടി.പി.അഷ്റഫ് അലി

വയനാട് കലക്ടറേറ്റ് പടിക്കല്‍ യൂത്ത്‌ലീഗ് പ്രതിഷേധ സംഗമം എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി.അഷ്റഫ് അലി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-സി.പി.എമ്മിനു കമ്മീഷന്‍ പറ്റാനുള്ള ഏര്‍പ്പാടു മാത്രമായ കെ റെയില്‍ കേരളത്തില്‍ അനുവദിക്കില്ലെന്നു എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി.അഷ്റഫ് അലി. കെ റെയില്‍ പദ്ധതിക്കെതിരെ യൂത്ത്‌ലീഗ് വയനാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിനു സമാപനം കുറിച്ചായിരുന്നു സംഗമം.
പൊതുജനങ്ങളില്‍ അനേകം കോടി രൂപയുടെ ബാധ്യത അടിച്ചേല്‍പ്പിക്കുന്ന കെ റെയില്‍ യഥാര്‍ഥത്തില്‍ വികസന പദ്ധതിയില്ല. നൂറുകണക്കിനു കുടുംബങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തി എന്ത് വികസനമാണ് ലക്ഷ്യമിടുന്നതെന്നു പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണം. പദ്ധതിയിലൂടെയുള്ള വരുമാനം, തൊഴില്‍ ലഭ്യത, യാത്രക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിലവിലെ റെയില്‍ സംവിധാനത്തിന്റെ താളം തെറ്റിക്കുന്നതുമാണ് സില്‍വര്‍ ലൈന്‍ പദ്ധതി. ഇതില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നു അഷ്‌റഫ് അലി ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി.നവാസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.മൊയ്തീന്‍കുട്ടി, കല്‍പറ്റ മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പറ്റ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ.ആരിഫ് സ്വഗതവും സെക്രട്ടറി സി.എച്ച്.ഫസല്‍ നന്ദിയും പറഞ്ഞു. ജില്ലാ ട്രഷറര്‍ ഉവൈസ് എടവെട്ടന്‍, വൈസ് പ്രസിഡന്റ് അഡ്വ.എ.പി.മുസ്തഫ, ജില്ലാ ഭാരവാഹികളായ ജാസര്‍ പാലക്കല്‍, എ.ജാഫര്‍, ആരിഫ് തണലോട്ട്, പി.കെ.സലാം, പി.കെ.ഷൗക്കത്ത് അലി, മണ്ഡലം ഭാരവാഹികളായ സി.ടി.ഹുനൈസ്, ഹാരിസ് കാട്ടിക്കുളം സമദ് കണ്ണിയന്‍, സി.ശിഹാബ്, ശിഹാബ് മലബാര്‍,സി.കെ.മുസ്തഫ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സഫ്‌വാന്‍ വെള്ളമുണ്ട, ജില്ലാ സെക്രട്ടറി റിന്‍ഷാദ് മില്ലുമുക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Social profiles