വികസന മധുര സംഗമം ഉദ്ഘാടനം ചെയ്തു ആദിവാസി വയോധികന്‍

നവീകരിച്ച നാരോക്കടവ് കോളനി-എടത്തില്‍പ്പടി റോഡ് നാരോക്കടവ് കോളനിയിലെ നായിക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി-വയനാട് ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനില്‍പ്പെട്ട നാരോക്കടവ് കോളനി-എടത്തില്‍പ്പടി റോഡ് ഉദ്ഘാടനം നരോക്കടവ് പണിയ കോളനിയിലെ കാരണവര്‍ നായിക്കനു ജീവിതസായാഹ്‌നത്തിലെ മധുരാനുഭവമായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചു റോഡ് നവീകരിച്ചതിന്റെ സന്തോഷം പങ്കിടാന്‍ ഗുണഭോക്താക്കള്‍ സംഘടിപ്പിച്ച വികസന മധുര സംഗമം ഉദ്ഘാടനം ചെയ്തത് 80കാരനായ നായിക്കനാണ്. ജീവിതത്തില്‍ ആദ്യമായാണ് ഒരു വേദിയില്‍ ഇരുന്നതെന്നും പ്രസംഗിച്ചതെന്നും നായിക്കന്‍ പറയുന്നു.
ഡിവിഷന്‍ മെംബറുമായ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജൂനൈദ് കൈപ്പാണിയെയാണ് പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. ചടങ്ങില്‍ അധ്യക്ഷയായിരുന്ന വാര്‍ഡ് മെംബര്‍ ശാരദ അത്തിമറ്റം ജൂനൈദിനെ ഉദ്ഘാടനത്തിനു ക്ഷണിച്ചു. വേദിയില്‍ എണീറ്റുനിന്ന അദ്ദേഹം നായിക്കനെ വേദിയിലേക്കു വിളിച്ചു ഉദ്ഘാടനം നടത്തിക്കുകയായിരുന്നു.
എഴുത്തും വായനയും വശമില്ലാത്ത നായിക്കന്‍ ജനപ്രതിനിധികളും കോളനിവാസികളും നിര്‍ബന്ധിച്ചപ്പോഴാണ് തനതു ഭാഷയില്‍ ലഘുപ്രസംഗം നടത്തിയത്. ജുനൈദ് കൈപ്പാണി മധുരം വിതരണം ചെയ്തു. ഐ.സി.ജോസ്, കെ.ആര്‍.മനോജ്, കെ.അഭിജിത്ത്, കെ.രാധാമണി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles