ആദിവാസി വയോധികയുടെ മരണം കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: നായ്ക്കെട്ടി പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചിപ്പി (ചക്കി-70)യുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. ഒന്നര മാസം മുമ്പു സംസ്‌കരിച്ച മൃതദേഹം ഇന്നലെ പുറത്തെടുത്തു നടത്തിയ സൈറ്റ് പോസ്റ്റുമോര്‍ട്ടത്തിലാണ് വയോധിക കൊല്ലപ്പെടുകയായിരന്നുവെന്നു സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നു ഭര്‍ത്താവ് ഗോപിയെ അറസ്റ്റുചെയ്തു. ജൂണ്‍ 19നാണ് ചിപ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനക്കിടങ്ങില്‍ വീണതിനെത്തുടര്‍ന്നു മരിച്ചുവെന്നാണ് ഭര്‍ത്താവ് കോളനിക്കാരോടു പറഞ്ഞത്. മരണത്തില്‍ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്നു പൊലീസ് സ്വമേധയാ കേസെടുത്തു നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം ചെയ്തത്. ചക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. മദ്യലഹരിയിലുണ്ടായ വഴക്കിനിടെയാണ് ഗോപി ഭാര്യയെ മര്‍ദിച്ചത്. ഇതു മരണത്തില്‍ കലാശിക്കുകയായിരുന്നു. തഹസില്‍ദാര്‍ വി.കെ. ഷാജി, ഡി.വൈ.എസ്.പി കെ.കെ. അബ്ദുല്‍ ഷെരീഫ് എന്നിവരടങ്ങുന്ന റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസിസ്റ്റന്റ് പോലീസ് സര്‍ജന്‍ കെ.ബി. രാഗിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.

0Shares

Leave a Reply

Your email address will not be published.

Social profiles