ദേശീയ പതാക നിര്‍മാണത്തില്‍ അവഗണിച്ചുവെന്നു അപ്പാരല്‍ കണ്‍സോര്‍ഷ്യം

കല്‍പറ്റ: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഓഫീസുകളിലും ഉയര്‍ത്തുന്നതിനായി ദേശീയ പതാക നിര്‍മിച്ചപ്പോള്‍ കുടുംബശ്രീ ജില്ലാ മിഷനു കീഴിലെ അപ്പാരല്‍ കണ്‍സോര്‍ഷ്യത്തിനു പങ്കാളിത്തം ലഭിച്ചില്ല. കണ്‍സോര്‍ഷ്യത്തിലെ 90 ഗ്രൂപ്പുകളില്‍ ഒന്നിനുപോലും ദേശീയ പതാക നിര്‍മാണ ജോലി ലഭിച്ചില്ല. 30 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളും ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം. തയ്യലില്‍ രണ്ടും മൂന്നും പതിറ്റാണ്ട് പരിചയമുള്ളവരാണ് മിക്ക ഗ്രൂപ്പുകളിലെയും അംഗങ്ങളില്‍ അധികവും.
ദേശീയപതാക നിര്‍മാണത്തില്‍ കണ്‍സോര്‍ഷ്യത്തെ തഴഞ്ഞതിനു പിന്നില്‍ കള്ളക്കളികളുണ്ടെന്നു പ്രസിഡന്റ് സിസിലി വര്‍ഗീസ്, സെക്രട്ടറി ഷൈജല മുരുകന്‍, ട്രഷറര്‍ വി.എ. ലീല, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം സി.കെ. സക്കീന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കണിയാമ്പറ്റ സ്വദേശിനിക്കാണ് ദേശീയ പാതക നിര്‍മാണത്തിനു ക്വട്ടേഷന്‍ ലഭിച്ചത്. ക്വട്ടേഷന്‍ ക്ഷണിച്ച വിവരം കണ്‍സോര്‍ഷ്യത്തെ കുടുംബശ്രീ ജില്ലാ മിഷന്‍ അറിയിച്ചില്ല. ഇതേക്കുറിച്ചു അന്വേഷിച്ചപ്പോള്‍ പരിശീലനം ലഭിച്ചവരെ മാത്രമേ പതാക നിര്‍മാണത്തിനു ചുമതലപ്പെടുത്താനാകൂവെന്നാണ് കുടുംബശ്രീ ജില്ലാ മിഷന്‍ അധികൃതര്‍ പറഞ്ഞത്. കണ്ണൂരില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ പോയ 30 പേര്‍ക്കാണ് പതാക നിര്‍മാണത്തില്‍ പരിശീലനം ലഭിച്ചത്.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെല്ലാംതന്നെ കുടുംബശ്രീ അപ്പാരല്‍ യൂണിറ്റുകളുണ്ട്. ഇതില്‍ നിരവധി യൂണിറ്റുകള്‍ മതിയായ ജോലിയില്ലാതെ അടച്ചിട്ടിരിക്കയാണ്. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പ്രയാസപ്പെടുകയാണ് പല യൂണിറ്റുകളും. ഈ സാഹചര്യത്തില്‍ ദേശീയ പതാക നിര്‍മാണം യൂണിറ്റുകള്‍ക്കു വീതിച്ചുനല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പൂതാടി, പനമരം, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, പുല്‍പള്ളി പഞ്ചായത്തുകളിലെ അപ്പാരല്‍ യൂണിറ്റുകളില്‍ മാത്രമാണ് പതാക നിര്‍മാണം നടന്നത്. മറ്റു പഞ്ചായത്തുകളിലെ യൂണിറ്റുകളെയും കണ്‍സോര്‍ഷ്യത്തിലെ ഗ്രൂപ്പുകളെയും തഴഞ്ഞതു പരിശോധിക്കണം. ഈ ആവശ്യം ഉന്നയിച്ചു ജില്ലാ കളക്ടര്‍ക്കും കുടുംബശ്രീ ജില്ലാ മിഷനും പരാതി നല്‍കിയതായും കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles