ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ സഹായധന പദ്ധതി

കല്‍പറ്റ: മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്ന
വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കു ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സഹായധനം നല്‍കുന്നു. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിംഗ്, ഫിനിഷിംഗ്, പ്ലംബിഗ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് 50,000 രൂപ സഹായം. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല. അപേക്ഷകയുടെ/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1,200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎല്‍ കുടുംബത്തിന് മുന്‍ഗണന. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കള്‍ ഉള്ളവര്‍ക്കും പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും.
വകുപ്പ് പ്രത്യേകം തയാറാക്കിയ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2022-23ലെ ഭൂനികുതി അടച്ച രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീടിന്റെ വിസ്തീര്‍ണം 1,200 ചതുരശ്ര അടിയില്‍ കുറവാണെന്ന സാക്ഷ്യപത്രവും ഹാജരാക്കണം. വില്ലേജ് ഓറീസര്‍, തദ്ദേശ സ്ഥാപന അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവരില്‍ ഒരാളുടെ സാക്ഷ്യപത്രം മതിയാകും. മറ്റു വകുപ്പുകളില്‍നിന്നോ ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍/പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍നിന്നു വാങ്ങി ലഭ്യമാക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കളക്ടറേറ്റ്, വയനാട് എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നല്‍കാം. അപേക്ഷാഫോം www.minortiywelfare.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30.

0Shares

Leave a Reply

Your email address will not be published.

Social profiles