5 വര്‍ഷം കൊണ്ട് അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കും: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

കല്‍പറ്റ: സംസ്ഥാനത്തെ 20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കുമെന്ന് തദ്ദേശ സ്വയംഭരണം- എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ക്ലീന്‍ കല്‍പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്‌കരണത്തിനായി സ്ഥാപിച്ച ഹരിത ബയോ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീട്ടില്‍ അല്ലെങ്കില്‍, വീട്ടിനരികില്‍ ഇരുന്നു കൊണ്ട് ജോലി ചെയ്യാനുള്ള സാഹചര്യമാണ് ഒരുക്കുക. കുടുംബശ്രീയും ഓക്‌സിലറി ഗ്രൂപ്പുകളും ചേര്‍ന്ന് നടത്തിയ പ്രാഥമിക കണക്കെടുപ്പില്‍ 53 ലക്ഷം പേര്‍ക്ക് കേരളത്തില്‍ ജോലി വേണം. പ്ലസ് ടു പാസായതും 59 വയസ്സില്‍ താഴെയുള്ളവരുമാണ് ഇവര്‍. ഏകദേശം 29 ലക്ഷം പേര്‍ ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വരാണ്. ഇവര്‍ക്കെല്ലാം ജോലി കൊടുക്കാനുള്ള തയ്യാറെടുപ്പു കളാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഉദ്യോഗാര്‍ത്ഥികളുമായി സംസാരിച്ച് അവരവരുടെ താല്‍പര്യങ്ങളും യോഗ്യതകളും മനസ്സിലാക്കി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഡാറ്റ അനലൈസ് ചെയ്തു സൂക്ഷിക്കും. ഒക്ടോബര്‍ മാസത്തോടെ ഒരു പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കി ലോകത്താകമാനമുള്ള 3000 ത്തോളം കേന്ദ്രങ്ങളിലെ തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടുത്തും . ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മൊബൈലിലൂടെ തന്നെ തൊഴില്‍ സാധ്യതകള്‍ മനസിലാക്കാം. ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ നൈപുണ്യത്തിനും പ്രാധാന്യം നല്‍കണം. തൊഴില്‍ നൈപുണ്യം നല്‍കുന്നതിനായി ബ്രിട്ടീഷ് കൗണ്‍സിലുമായി കരാര്‍ വച്ചിട്ടുണ്ട്. ഇംഗ്ലീഷ് സ്‌കില്‍ വേണ്ടവര്‍ക്ക് അതിനു അനുയോജ്യമായ പരിശീലനം നല്‍കും. അഭിമുഖങ്ങളെ എങ്ങനെ നേരിടാം എന്നതിലും പരിശീലനം നല്‍കും. പാവപ്പെട്ടവരും ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന നാടാണ് കേരളം. ഇത് ഇന്ത്യയില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles