വയനാട് വാഴക്കാല എസ്റ്റേറ്റില്‍ തൊഴിലാളികള്‍ വിളവെടുപ്പ് സമരം നടത്തി

വയനാട് വാഴക്കാല എസ്റ്റേറ്റില്‍ വിളവെടുപ്പുസമരം ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്റ് സാം പി.മാത്യു ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-വയനാട്ടിലെ വെള്ളമാര്‍മല വില്ലേജിലുള്ള കള്ളാടി വാഴക്കാല എസ്റ്റേറ്റില്‍ ടി.യു.സി.ഐയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വിളവെടുപ്പു സമരം നടത്തി. തൊഴിലാളികള്‍ക്കു മാനേജ്‌മെന്റ് ജോലിയും കൂലിയും നിഷേധിക്കുന്ന സാഹചര്യത്തിലായിരുന്നു സമരം. കാപ്പി വിളവെടുപ്പാണ് തൊഴിലാളികള്‍ നടത്തിയത്. ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്റ് സാം.പി. മാത്യൂ ഉദ്ഘാടനം ചെയ്തു. പി.കെ.ബാപ്പുട്ടി, കെ.ബാലസുബ്രഹ്‌മണ്യന്‍, പി.എച്ച്.മുഹമ്മദുകുട്ടി, എ. കെ.കൃഷ്ണന്‍കുട്ടി, എം.ചുരളി എന്നിവര്‍ പ്രസംഗിച്ചു. എം.മുരുകന്‍, എ.കെ.തക്കമ്മു, സി.ഈശ്വരി, എം.ശ്രീജ, പളനിയമ്മ, രാധാമണി, സുശീല, രാമു എന്നിവര്‍ നേതൃത്വം നല്‍കി.
പ്ലാന്റേഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് വാഴക്കാല എസ്റ്റേറ്റ്. 400 ഏക്കര്‍ വിസ്തീര്‍ണമുണ്ടായിരുന്ന എസ്റ്റേറ്റില്‍ 200 തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതാണ്. നിലവില്‍ 45 ഏക്കാറാണ് തോട്ടത്തിന്റെ വിസ്തീര്‍ണം. തോട്ടത്തിന്റെ മറ്റു ഭാഗങ്ങള്‍ മാറിമാറിവന്ന മാനേജ്‌മെന്റുകള്‍ തുണ്ടങ്ങളാക്കി വിറ്റു. ജോലിയും വേതനവും ആനുകൂല്യങ്ങളും ലഭിക്കാത്ത സാഹചര്യത്തില്‍ ഏഴു സ്ത്രീകളടക്കം 10 പേരൊഴികെ തൊഴിലാളികള്‍ സ്വയം പിരിഞ്ഞു. കല്‍പറ്റയിലും സമീപങ്ങളിലും കരാര്‍ ജോലികള്‍ ചെയ്യുന്നയാളാണ് നിലവില്‍ തോട്ടം നോക്കിനടത്തുന്നത്. തൊഴിലാളികള്‍ക്കു കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ജോലിയില്ല. തൊഴിലാളികള്‍ക്കു മൂന്നു വര്‍ഷമായി ബോണസും മെഡിക്കല്‍ ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. തൊഴിലാളികളില്‍നിന്നു പിടിച്ചതും ഉടമ വിഹിതവും അഞ്ചു വര്‍ഷമായി പ്രൊവിഡന്റ് ഫണ്ടില്‍ അടച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ അറിയിച്ചും തൊഴില്‍ സംരക്ഷണം ആവശ്യപ്പെട്ടും തൊഴിലാളികള്‍ റവന്യൂ, തൊഴില്‍ വകുപ്പ് അധികാരികള്‍ക്കു കത്തു നല്‍കിയെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായില്ല. കാപ്പി, ഏലം കൃഷികളാണു എസ്റ്ററ്റിലുള്ളത്.

Leave a Reply

Your email address will not be published.

Social profiles