നാടുവാഴുന്നതു സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍: എ.പി.അനില്‍കുമാര്‍

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്‍.ഡി.അപ്പച്ചന്റെ നേതൃത്വത്തില്‍ പുളിയാര്‍മലയില്‍നിന്നു കല്‍പറ്റയിലേക്കു നടത്തിയ റാലി.

കല്‍പറ്റ:സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരും സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്തവരുമാണ് നാടുവാഴുന്നതെന്നു കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ എ.പി. അനില്‍കുമാര്‍. സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുളിയാര്‍മലയില്‍നിന്നു നഗരത്തിലേക്കു സംഘടിപ്പിച്ച റാലിക്കു സമാപനംകുറിച്ചു വിജയപമ്പ് പരിസരത്തു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തോടും ബി.ജെ.പിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്നുനിന്നില്ല. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ ബി.ജെ.പിയുടെ പഴയ രൂപമായ ജനസംഘത്തിന്റെ നേതാക്കള്‍. ഏഴു തവണയാണ് അവര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിനല്‍കിയത്. വെളുത്തവന്റെ കൈയില്‍നിന്നു കറുത്തവന്റെ കൈയിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് പരിഹസിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍. യഥാര്‍ഥ സ്വാതന്ത്ര്യസമരസേനാനികള്‍ കോണ്‍ഗ്രസുകാര്‍ ആയിരുന്നു. കോണ്‍ഗ്രസ് നേടിത്തന്ന സ്വാതന്ത്ര്യം ഇന്ന് ബലികഴിക്കപ്പെട്ടു. ബഹുസ്വരത നഷ്ടപ്പെടുത്തുന്ന സമീപനമാണ് ബി.ജെ.പിയും സി.പി.എമ്മും സ്വീകരിക്കുന്നത്. രാഷ്ട്രീയ, വര്‍ഗീയ, ഫാസിസ്റ്റ് ശക്തികളെ ഒരുമിച്ച് നേരിടേണ്ട സാഹചര്യത്തിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കാലിക്കറ്റ് സര്‍വകലാശാല ഗാന്ധിയന്‍ സ്റ്റഡീസ് വിസിറ്റിംഗ് പ്രൊഫസര്‍ ഡോ.ആര്‍.സുരേന്ദ്രന്‍, കെ.പി.സി.സി ജനറല്‍ സെക്രടറി കെ.കെ.അബ്രഹാം, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍.പൗലോസ്, പി.കെ.ജയലക്ഷ്മി, ടി.ജെ.ഐസക്, എന്‍.കെ.വര്‍ഗീസ്, പി.പി.ആലി, കെ.വി.പോക്കര്‍ ഹാജി, വി.എ.മജീദ്, അഡ്വ.വേണുഗോപാല്‍, ബിനു തോമസ്, ഒ.വി.അപ്പച്ചന്‍, മംഗലശേരി മാധവന്‍, എം.എ.ജോസഫ്, എം.ജി.ബിജു, എ.എം.നിഷാന്ത്, ഡി.പി.രാജശേഖരന്‍, സില്‍വി തോമസ്, പോള്‍സണ്‍ കൂവക്കല്‍, കെ.ഇ.വിനയന്‍, സി.ജയപ്രസാദ്, ജി.വിജയമ്മ, പി.ശോഭനകുമാരി എന്നിവര്‍ പ്രസംഗിച്ചു.പുളിയാര്‍മലയില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷമായിരുന്നു റാലി. ഡി.സി.സി പ്രസിഡന്റ് നയിച്ച റാലിയില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles