വയനാട് തരിയോട് കെന്‍സ പ്രൊജക്ട്: കെട്ടിടങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കുന്നു

കെന്‍സ വെല്‍നെസ് പ്രൊജക്ടിന്റെ ഭാഗമായി വയനാട്ടിലെ തരിയോട് മഞ്ഞുറയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍.

കല്‍പറ്റ-വയനാട്ടിലെ തരിയോട് പഞ്ചായത്തില്‍പ്പെട്ട മഞ്ഞുറയില്‍ കെന്‍സ വെല്‍നെസ് പ്രൊജക്ടിന്റെ ഭാഗമായി നിര്‍മിച്ച ബഹുനില കെട്ടിടങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കുന്നു. കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ നിയമലംഘനം ഉണ്ടായോ എന്നു മനസ്സിലാക്കുന്നതിനാണ് 28നു ഉച്ചകഴിഞ്ഞു മൂന്നിനു പരിശോധന. അതോറിറ്റി ചെയര്‍പേഴ്‌സണുമായ ജില്ലാ കലക്ടര്‍ എ.ഗീത, വൈസ് ചെയര്‍മാനുമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, അംഗങ്ങളായ എ.ഡി.എം, ജില്ലാ പോലീസ് മേധാവി, ജില്ലാ ഫയര്‍ ഓഫീസര്‍, ഡി.എം.ഒ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, കോര്‍ കമ്മിറ്റി അംഗങ്ങളായ ജില്ലാ ടൗണ്‍ പ്ലാനര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുക. പ്രത്യേക ക്ഷണിതാക്കളായി പഞ്ചായത്ത് ഡപ്യുട്ടി ഡയരക്ടര്‍, ദുരന്ത നിവാരണ ഡപ്യൂട്ടി കലക്ടര്‍, തരിയോട് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്കുശേഷം തരിയോട് പഞ്ചായത്ത് ഓഫീസില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ സമ്പൂര്‍ണ യോഗം ചേരും. കെട്ടിടങ്ങളുടെ ഉയരം നിര്‍ണയിക്കുന്നതിനു ജീവനക്കാരെ സജ്ജമാക്കാന്‍ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ പൊതുമരാമത്ത് എന്‍ജിനീയര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനാവേളയില്‍ ഹാജരാകുന്നതിനു കെട്ടിടം ഉടമകള്‍ക്കും പരാതിക്കാര്‍ക്കും നോട്ടീസ് നല്‍കി.
മഞ്ഞൂറയിലെ കെട്ടിടങ്ങള്‍ ദുരന്ത നിരവാരണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് നിര്‍മിച്ചതെന്നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ധ സമിതി നേരത്തേ കണ്ടെത്തിയതാണ്. ജില്ലാ ടൗണ്‍ പ്ലാനര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍, തദ്ദേശ ഭരണ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു വിദഗ്ധ സമിതി. രണ്ടു തവണയാണ് വിദഗ്ധ സമിതി കെട്ടിടങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടു റിപ്പോര്‍ട്ടിലും ഗുരുതരമായ നിയമലംഘനം ചൂണ്ടിക്കാട്ടിയിരുന്നു. മാനദണ്ഡങ്ങളനുസരിച്ച് തരിയോടു പഞ്ചായത്തില്‍ പുതുതായി നിര്‍മിക്കാവുന്ന കെട്ടിടങ്ങളുടെ പരമാവധി ഉയരം 10 മീറ്ററാണ്. എന്നാല്‍ കെന്‍സ പ്രൊജക്ടിനായി നിര്‍മിച്ച ഒരു കെട്ടിടത്തിനു 15.8 മീറ്ററും മറ്റൊന്നിന് 10.3 മീറ്ററുമാണ് ഉയരം. ഇക്കാര്യം വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതാണ്. ഒരു കെട്ടിടം പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നിരിക്കെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വീണ്ടും കെട്ടിടങ്ങള്‍ പരിശോധിക്കുന്നത് നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തി നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു ആരോപണമുണ്ട്. കെന്‍സ വെല്‍നെസ് പ്രൊജക്ടിന്റെ ഭാഗമായി മഞ്ഞുറയില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതില്‍ നിയമലംഘനം ആരോപിച്ച് പശ്ചിമഘട്ട സംരക്ഷണ സമിതിയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കു പരാതി നല്‍കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles