വയനാട് മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ സ്ഥാപിക്കണം-സി.പി.ഐ(എം.എല്‍)

കല്‍പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റില്‍നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ സ്ഥാപിക്കണമെന്നു സി.പി.ഐ(എം.എല്‍) ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മടക്കിമലയില്‍ ട്രസ്റ്റ് സൗജന്യമായി വിട്ടുകൊടുത്ത 50 ഏക്കര്‍ ഭൂമിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള നീക്കം നടന്നതാണ്. എന്നാല്‍ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്നു ചിലര്‍ അഭിപ്രായപ്പെട്ടതിന്റെ പേരില്‍ ഈ ഭൂമിയില്‍ മെഡിക്കല്‍ കോളേജിനായി നിര്‍മാണം നടത്തേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കഴിഞ്ഞ പ്രളയങ്ങളില്‍പോലും ഒരുതരത്തിലുള്ള ദുരന്തവും മടക്കിമലയിലെ ഭൂമിയില്‍ സംഭവിച്ചില്ല. നിലവില്‍ മാനന്തവാടിയില്‍നിന്നു 15 കിലോമീറ്റര്‍ മാറി കണ്ണൂര്‍ അതിര്‍ത്തിയിലെ ബോയ്‌സ്ടൗണില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതു അനീതിയാണ്. വയനാട് മെഡിക്കല്‍ കോളേജ് വയനാട്ടുകാര്‍ക്കുവേണ്ടിയാകണം. വൈത്തിരി, ബത്തേരി താലൂക്കാശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.യു.ബാബു അധ്യക്ഷത വഹിച്ചു. സാം പി.മാത്യൂ റിപ്പോര്‍ട്ടവതരിപ്പിച്ചു. പി.കെ.ബാപ്പുട്ടി, എന്‍.ജി.പ്രേമന്‍,എം.കെ.അജയകുമാര്‍, പി.വി.തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles