നൂറുമേനി കൊയ്ത് അധ്യാപികയുടെ കൃഷിപാഠം

ആര്‍ എസ് സൗമ്യ തന്റെ കൃഷിയിടത്തില്‍

പുല്‍പള്ളി: പുല്‍പള്ളി രഘുനന്ദനത്തില്‍ ആര്‍ എസ് സൗമ്യയെന്ന പനമരം ഗവ. ടി ടി ഐയിലെ സയന്‍സ്, സൈക്കോളജി അധ്യാപികക്ക് സ്‌കൂളില്‍ മാത്രമല്ല, കൃഷിയിടത്തിലും നൂറ്‌മേനി വിജയമാണ്. അധ്യാപനത്തിനൊപ്പം വിഷരഹിത പച്ചക്കറികൃഷിയിലും വേറിട്ട മാതൃക തീര്‍ക്കുകയാണ് ഈ അധ്യാപിക. കാരറ്റ്, കാബേജ്, ബീട്രൂട്ട്, പച്ചമുളക്, കാന്താരി, കുമ്പളം, മത്തന്‍, വയലറ്റ് കാബേജ്, പാവല്‍, കോവല്‍, കാരറ്റ്, ചതുരപയര്‍, കത്തിപ്പയര്‍ അടക്കമുള്ള പയറിനങ്ങള്‍, വെണ്ട, വഴുതന, തക്കാളി, പടവലം, വിവിധയിനം ചീരകള്‍, കോളിഫ്ളവര്‍, ബ്രോക്കോളി, ലെറ്റൂസ് എന്നിങ്ങനെ നിരവധിയിനം പച്ചക്കറികളെല്ലാം സൗമ്യ നട്ടുപരിപാലിക്കുന്നതില്‍ വിജയം കൊയ്യുകയാണ് ഇവര്‍. പുല്‍പ്പള്ളിയിലെ വീടിനോട് ചേര്‍ന്നുള്ള 30 സെന്റ് സ്ഥലത്തിന്റെ ഒരു ഭാഗത്താണ് സൗമ്യയുടെ പച്ചക്കറി കൃഷി. വീട്ടിലേക്ക് പുറമെ നിന്നും പച്ചക്കറി വാങ്ങേണ്ട ആവശ്യമില്ലാത്ത വിധത്തില്‍ ഒട്ടുമിക്കയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. സ്വന്തം കൃഷിയിടം സ്വാഭാവിക വനമാക്കി മാറ്റിയ അമ്മ സരളാഭായി ടീച്ചറുടെ പാത പിന്തുടര്‍ന്നാണ് സൗമ്യ കൃഷിയെ സ്നേഹിച്ചുതുടങ്ങുന്നത്. അമ്മയെ സഹായിക്കാനായി തൊടിയിലിറങ്ങാറുള്ള സൗമ്യ പിന്നീട് അടുക്കളത്തോട്ടമുണ്ടാക്കുകയും, അത് കൂടുതല്‍ വ്യാപിപ്പിക്കുകയുമായിരുന്നു. വിപണിയില്‍ പച്ചക്കറിക്ക് തീവിലയുള്ളപ്പോഴും വിളവെടുത്തവ സൗമ്യ വില്‍ക്കാറില്ല. മറിച്ച് അയല്‍വാസികള്‍ക്കടക്കം നല്‍കാറാണ് പതിവ്. വര്‍ഷത്തില്‍ എല്ലാമാസവും പച്ചക്കറികള്‍ ലഭിക്കുന്ന രീതിയിലാണ് കൃഷി ചെയ്തുവരാറുള്ളതെന്ന് സൗമ്യ പറയുന്നു. വിഷരഹിതമായ പച്ചക്കറികള്‍ കഴിക്കാന്‍ സാധിക്കുമെന്നത് തന്നെയാണ് സ്വന്തം രീതിയില്‍ കൃഷി ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനമെന്നും സൗമ്യ വ്യക്തമാക്കുന്നു. നല്ലയിനം തൈകള്‍ കണ്ടെത്തുന്നത് മുതല്‍ ജലസേചനം, വളപ്രയോഗം എന്നിങ്ങനെ കൃഷിയുടെ ഓരോഘട്ടവും ബുദ്ധിമുട്ടുകളേറിയതാണ്. മറ്റ് കീടനാശിനികളൊന്നും തളിക്കാത്തതിനാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്. ഈ സമയത്ത് ജൈവകീടനാശിനിയടക്കം ഉപയോഗിച്ചുകൊണ്ടാണ് വിവിധയിനങ്ങളെ സംരക്ഷിച്ചുപോരുന്നത്. കൃഷിയിടത്തിലെ സൗമ്യയുടെ സഹായികളായി ഭര്‍ത്താവ്, കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ ജയരാജ്, മക്കളായ ജയദേവ്, ജയശങ്കര്‍ എന്നിവരുമുണ്ട്.

Leave a Reply

Your email address will not be published.

Social profiles