കടബാധ്യത: വയനാട്ടില്‍ യുവകര്‍ഷകന്‍ ജീവനൊടുക്കി

രാജേഷ്

മാനന്തവാടി: വയനാട്ടില്‍ യുവകര്‍ഷകന്‍ ജീവനൊടുക്കി. തിരുനെല്ലി കോട്ടിയൂരിലെ കെ.വി.രാജേഷാണ്(35)മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍നിന്നു പോയ രാജേഷിനെ ബുധനാഴ്ച രാവിലെ കോട്ടിയൂര്‍ ബസ് സ്‌റ്റോപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷിനാശത്തിലും കടങ്ങള്‍ വീട്ടാന്‍ മാര്‍ഗമില്ലാത്തതിലും മനംനൊന്താണ് ആത്മഹത്യയെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. രാജേഷിനു ബാങ്കുകളില്‍ രണ്ടു ലക്ഷത്തോളം രൂപ ബാധ്യതയുണ്ട്. വ്യക്തിഗത വായ്പകളും വീട്ടാനുണ്ട്.
കേരള ബാങ്കില്‍നിന്നു ആധാരം പണയപ്പെടുത്തി 90,000 രൂപയും സ്വര്‍ണപ്പണയത്തില്‍ 60,000 രൂപയും വായ്പയെടുത്തും വ്യക്തികളില്‍നിന്നു കടംവാങ്ങിയും രാജേഷ് നടത്തിയ വാഴക്കൃഷി കാട്ടാനകള്‍ പലപ്പോഴായി നശിപ്പിച്ചു. ഇതുമൂലം ഉണ്ടായ നഷ്ടം വീട്ടാമെന്ന പ്രതീക്ഷയില്‍ നെല്‍ക്കൃഷി ഇറക്കിയ പാടവും കാട്ടാനകള്‍ മേച്ചില്‍പുറമാക്കി. ഇതോടെ വന്‍ ബാധ്യതയിലായ രാജേഷ് കൊടിയ നിരാശയിലായിരുന്നു. ഒരേക്കര്‍ വയലും അര ഏക്കര്‍ കരയുമാണ് രാജേഷിന്റെ കുടുംബത്തിന്. കൃഷിയിലൂടെ ലഭിക്കുന്ന വരുമാനമാണ് ഉപജീവനത്തിനു ആശ്രയം. അപേക്ഷ നല്‍കിയെങ്കിലും കൃഷിനാശം പരിഹരിക്കാന്‍ വനം, കൃഷി വകുപ്പുകള്‍ തയാറായില്ല.
തിരുനെല്ലി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: പ്രേമ. മക്കള്‍:വിജയ്, വിനോദ്,വിശ്വനി.

Leave a Reply

Your email address will not be published.

Social profiles