മെഡിക്കല്‍ കോളേജ്: ആക്ഷന്‍ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ റിലേ സത്യഗ്രഹം തുടങ്ങി

കല്‍പറ്റ: വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ ദശദിന റിലേ സത്യഗ്രഹം തുടങ്ങി. ഗവ.മെഡിക്കല്‍ കോളേജ് മടക്കിമലയ്ക്കു സമീപം കോട്ടത്തറ വില്ലേജില്‍ ലഭ്യമായ ഭൂമിയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സമൂഹത്തിന്റെ വിവിധ തുറകളെ പ്രതിനിധാനം ചെയ്യുന്നവരാണ് ദിവസവും സത്യഗ്രഹം അനുഷ്ഠിക്കുക. 19, 20 തീയതികളിലായി രാപകല്‍ സമരം ഉണ്ടാകും. വീട്ടമ്മമാരായ ബിന്ദു ഷാജി കോട്ടത്തറ, സുലോചന രാമകൃഷ്ണന്‍, ഉഷ വാഴവറ്റ, ജയപ്രഭ പൂതാടി, സുലേഖ വസന്തരാജ്, റോസമ്മ ബേബി എന്നിവരാണ് ഇന്നു സത്യഗ്രഹം ഇരിക്കുന്നത്. ഗോത്ര വിഭാഗത്തില്‍നിന്നുള്ള ചലച്ചിത്ര സംവിധായിക ലീല സന്തോഷ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ താത്കാലികമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജിനു കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയോടു ചേര്‍ന്നു ബോയ്‌സ് ടൗണില്‍ സ്ഥിര നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ബോയ്‌സ്ടൗണില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതു ജില്ലയിലെ ഭൂരിപക്ഷം ജനങ്ങളുടെയും ഹിതത്തിനു വിരുദ്ധമായാണെന്നാണ് ആക്ഷന്‍ കമ്മിറ്റി നിലപാട്. സത്യഗ്രഹ പ്രചാരണത്തിനു ആക്ഷന്‍ കമ്മിറ്റി വാഹന ജാഥ നടത്തിയിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles