പുലി നായയെ കൊന്നു; തിനപുരം നല്ലന്നൂര്‍ നിവാസികള്‍ ഭീതിയില്‍

വൈത്തിരി: വയനാട്ടിലെ വൈത്തിരി വടുവന്‍ചാല്‍ തിനപുരം നല്ലന്നൂരില്‍ പുലിശല്യം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നല്ലന്നൂര്‍ പുന്നമറ്റം ജോയിയുടെ നായയെ പുലി പിടിച്ചു. ശബ്ദംകേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ പുലി നായയെ കടിച്ചെടുത്തു പോകുന്നതാണ് കണ്ടത്. തൊട്ടടുത്ത ചായത്തോട്ടത്തിലാണ് പുലി മറഞ്ഞത്. നേരം പുലര്‍ന്ന് വീട്ടുകാര്‍ തോട്ടത്തില്‍ തെരഞ്ഞപ്പോള്‍ പകുതി ഭക്ഷിച്ച നിലയില്‍ നായയുടെ ജഡം കണ്ടെത്തി. വീട്ടിലൂണ്ടായിരുന്ന മറ്റൊരു നായയെ കാണാനില്ല. വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രി പുലിക്കയം ജോസിന്റെ തൊഴുത്തില്‍ പുലി എത്തിയിരുന്നു. ശബ്ദും കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തെ ലൈറ്റിട്ടപ്പോള്‍ പുലി ഓടിമറഞ്ഞു. പുലികളുടേതെന്നു കരുതുന്ന ചെറുതും വലുതുമായ കാല്‍പ്പാടുകള്‍ നല്ലന്നൂരില്‍ പല ഭാഗങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. വനം ഓഫീസിന് സമീപം താമസിക്കുന്ന യുവാവ് കഴിഞ്ഞദിവസം പുലിയെ കണ്ടിരിന്നു.വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ പുലി കാപ്പിത്തോട്ടത്തിലേക്ക് ഓടിമറയുന്നതു മൊബൈലിലെ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് കണ്ടത്. രണ്ടാഴ്ച മുമ്പ് പ്രദേശത്തെ നാലു വളര്‍ത്തുനായ്ക്കളെ കാണാതായിരുന്നു. ഇവയെ പുലിപിടിച്ചതാണെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.
മുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് നല്ലന്നൂര്‍. ഇവിടെനിന്നു പ്രധാന റോഡിലേക്കു ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട്. ചായത്തോട്ടത്തിലൂടെയാണ് വഴി. പുലിയുടെ സാന്നിധ്യം പ്രദേശവാസികളെ ചകിതരാക്കി. പ്രദേശത്തു നിരീക്ഷണത്തിനു ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.

Leave a Reply

Your email address will not be published.

Social profiles