കന്നുകാലികള്‍ക്ക് രോഗ പ്രതിരോധ വാക്‌സിന്‍ വ്യാപകമാക്കുമെന്ന് മന്ത്രി ചിഞ്ചു റാണി

മൃഗ സംരക്ഷണ മേഖല നൂതന പദ്ധതി രൂപീകരണ ശില്‍പശാല മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: കന്നുകാലികള്‍ക്ക് ഘട്ടം ഘട്ടമായി കൂടുതല്‍ രോഗ പ്രതിരോധ വാക്‌സിന്‍ ഒരുക്കുമെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സുല്‍ത്താന്‍ ബത്തേരിയില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റര്‍ ട്രെയിനീസ് ഹോസ്റ്റല്‍ ശിലാസ്ഥാപനവും ജില്ലാ മൃഗസംരക്ഷണ മേഖല നൂതന പദ്ധതി രൂപീകരണ ശില്‍പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കന്നുകാലികളില്‍ രോഗ നിര്‍ണയം നടത്തുന്നതിനും പാല്‍ ഉല്‍പ്പാദനശേഷി അറിയുന്നതിനും സഹായകമായ ഡിജിറ്റല്‍ ടാഗുകള്‍ ഘടിപ്പിച്ച് വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ‘ഇ-സമൃദ്ധ’ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ വളരെ കുറഞ്ഞ ചിലവില്‍ കേരള ഫീഡ്സ്, മില്‍മ കാലിതീറ്റ എന്നിവ ലഭ്യമാക്കി പാല്‍ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും ടെലി മെഡിസിന്‍ യൂണിറ്റുകള്‍ ഒരുക്കുമെന്നും രാത്രിയില്‍ വെറ്ററിനറി സേവനങ്ങള്‍ക്കായി ആംബുലന്‍സ് സൗകര്യം സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടി.കെ രമേശ്, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ കെ.കെ. ബേബി, മീനങ്ങാടി പഞ്ചായത് പ്രസിഡന്റ് കെ.ഇ വിനയന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ജയരാജന്‍, കെ.എല്‍.ഡി. ബോര്‍ഡ് ഡെപ്യൂട്ടി മാനേജര്‍ കെ. കിരണ്‍ ദാസ്, സജി കാവുക്കുടി, വിജയന്‍ ചെറുകര, ബേബി വര്‍ഗ്ഗീസ്, ടി.എസ് ജോര്‍ജ്ജ്, പി.പി അയ്യൂബ്, എന്‍.എം ബാബുരാജ് സംസാരിച്ചു.

Leave a Reply

Your email address will not be published.

Social profiles