12 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ വയനാട് നിയമനത്തട്ടിപ്പുകേസ് അന്വേഷണം

മാനന്തവാടി: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച പി.എസ്.സി നിയമനത്തട്ടിപ്പു കേസില്‍ 12 വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയായില്ല. കുറ്റപത്രം ഇനിയും സമര്‍പ്പിക്കാത്തതു കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ജനങ്ങങ്ങളില്‍ ബലപ്പെടുത്തുകയാണ്.
വിവിധ ജില്ലകളില്‍ 2001 മുതല്‍ 2010 വരെ നടന്ന നിയമനങ്ങള്‍ സംബന്ധിച്ച അന്വേഷണം അനിശ്ചിതമായി നീളുകയാണ്. കൊല്ലം ജില്ലയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നടന്ന നിയമനങ്ങള്‍ പരിശോധിക്കാന്‍ ഭരണ പരിഷ്‌കാര വകുപ്പ് കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ച അന്വേഷണമാണ് 12 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തത്.
കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ വ്യാജ അഡൈ്വസ് മെമ്മോ ഉപയോഗപ്പെടുത്തി വയനാട്ടില്‍ റവന്യൂ വകുപ്പില്‍ എട്ടുപേര്‍ക്ക് നിയനമം നല്‍കിയതുമായി ബന്ധപ്പെട്ടാണ് തട്ടിപ്പുകേസ്. നെടുമങ്ങാട് അമ്മന്‍കോവില്‍ ലതാഭവനില്‍ അഭിലാഷ്.എസ്.പിള്ളയുടെ നേതൃത്വത്തില്‍ 2010 മാര്‍ച്ചിനും ജൂലൈക്കുമിടയിലായിരുന്നു തട്ടിപ്പ്. കൊല്ലം പനച്ചിവിള അഞ്ചലില്‍ നിന്ന് മുഖ്യമന്ത്രിക്കും തുടര്‍ന്ന് റവന്യൂ അധികാരികള്‍ക്കും ലഭിച്ച പരാതിയില്‍ റവന്യൂ വിജിലന്‍സ് വിഭാഗം വയനാട് കലക്ടറേറ്റില്‍ നടത്തിയ പരിശോധനയില്‍ 2010 ഡിസംബര്‍ ആദ്യവാരമാണ് തട്ടിപ്പ് പുറത്തായത്.
കൊല്ലം അഞ്ചല്‍ പനച്ചിവിള കമലവിലാസം എല്‍.കണ്ണന്‍, സഹോദരങ്ങളായ ശബരിനാഥന്‍, ജ്യോതി, തിരുവനന്തപുരം നെടുമങ്ങാട് ആനാട് കനക ക്വാര്‍ട്ടേഴ്‌സില്‍ സൂരജ്.എസ്.കൃഷ്ണ, കൊട്ടാരക്കര കോട്ടാത്തല പുത്തന്‍വീട് ഗോപകുമാര്‍, തിരുവനന്തപുരം നെടുമങ്ങാട് ആനാട് വി.പി.പ്രേംജിത്ത്, മലപ്പുറം അരിയല്ലൂര്‍ രാമകൃഷ്ണയില്‍ കെ.പി.വിമല്‍, മലപ്പുറം എടക്കര കറുത്തേടത്ത് കെ.ബി.ഷംസീറ എന്നീ എട്ടു പേരെയാണ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ വ്യാജ അഡൈ്വസ് മെമ്മോയും വകുപ്പുതല നിയമന ഉത്തരവും തരപ്പെടുത്തി അഭിലാഷും സംഘവും സര്‍വീസില്‍ കയറ്റിയത്. ജോലിയില്‍ റഗുലറൈസ് ചെയ്ത ഈ എട്ടുപേരുടെയും ജോയിനിംഗ് റിപ്പോര്‍ട്ടില്‍ ആവശ്യമായ പരിശോധന നടന്നില്ല. പൊലീസ് വെരിഫിക്കേഷനും ഉണ്ടായില്ല.
23 പ്രതികളാണ് തട്ടിപ്പുകേസില്‍. അഭിലാഷിനും ജോലി നേടിയവര്‍ക്കും പറുമെ ഇടനിലക്കാരായ തിരുവനന്തപുരം നെടുമങ്ങാട് മധുപാല്‍, കൊല്ലം അഞ്ചല്‍ സ്വദേശികളായ അജിത്ത്, ചന്ദ്രചൂഡന്‍ പിള്ള, മലപ്പുറം എടക്കര ചെറുമല അബ്ദുറഹ്‌മാന്‍, മലപ്പുറം അരിയല്ലൂര്‍ കോട്ടാക്കളത്തില്‍ രവി, അഞ്ചല്‍ അയലമണ്‍ റിയാസ് മന്‍സിലില്‍ മുഹമ്മദ് ഫറൂഖ്, നെടുമങ്ങാട് സ്വദേശി ജെ.പി.എന്ന ജനാര്‍ദ്ദനന്‍ പിള്ള, വിക്രമന്‍, കൊല്ലം അഞ്ചല്‍ സ്വദേശികളായ ഏറം ശശി, ദിലീപ്കുമാര്‍, ശബരിനാഥിന്റെയും സഹോദരങ്ങളുടെയും പിതാവ് കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍, ഷംസീറയുടെ ഭര്‍ത്താവ് മലപ്പുറം സ്വദേശി അഷ്‌റഫ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ തട്ടിപ്പ് പുറത്തുവന്നയുടന്‍ ഒളിവില്‍ പോയ ഗോപകുമാറിനെ ബംഗളൂരുവിനു സമീപം മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
വയനാട് മുന്‍ ജില്ലാ കലക്ടര്‍ ടി.ഭാസ്‌കകരന്‍, എ.ഡി.എം. കെ.വിജയന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി.കെ.പ്രഭാവതി എന്നിവരും ഉള്‍പ്പെടുന്നതാണ് പ്രതിപ്പട്ടിക. ശരിയായ പരിശോധന നടത്താതെ വ്യാജന്‍മാരുടെ നിയമന ഫയലുകളില്‍ ഒപ്പിട്ടതിനാണ് ഇവര്‍ക്കെതിരെ കേസ്. എല്‍.ഡി.ക്ലാര്‍ക്ക്, വില്ലേജ് അസിസ്റ്റന്റ് എന്നിവരുടെ നിയമനം ജില്ലാ കലക്ടറാണ് അംഗീകരിക്കേത്. കലക്ടര്‍ക്കുവേണ്ടി രേഖകള്‍ പരിശോധിച്ച് അംഗീകാരത്തിനായി ഫയല്‍ അയക്കേണ്ടത് എ.ഡി.എമ്മാണ്. സെക്ഷന്‍ ക്ലാര്‍ക്ക് തയാറാക്കി നല്‍കുന്ന ഫയല്‍ പരിശോധിച്ച് തുടര്‍ നടപടിക്കായി എ.ഡി.എമ്മിനു നല്‍കേണ്ടത് ഹുസൂര്‍ ശിരസ്തദാറും. അഭിലാഷ് തയാറാക്കിയ വ്യാജ നിയമന ഫയലുകള്‍ പരിശോധിക്കാതെ മൂന്നു ഉദ്യോഗസ്ഥരും ഒപ്പിട്ടതാണ് തട്ടിപ്പിനു സഹായകരമായത്.
പ്രതികളില്‍ പലരും കോടതികളിലും പോലീസ് സ്റ്റേഷനുകളിലുമായി കീഴടങ്ങുകയായിരുന്നു. ഇവരെല്ലാം ജാമ്യത്തിലാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു പ്രതികള്‍ക്കെല്ലാം ജാമ്യം. 2010 ഡിസംബറില്‍ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസ് പിന്നീട് വിജിലന്‍സിനു കൈമാറിയിരുന്നു.

റിപ്പോര്‍ട്ട്:ബിജു കിഴക്കേടം

Leave a Reply

Your email address will not be published.

Social profiles