വെസ്റ്റ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കടം വാങ്ങി ഇന്ത്യന്‍ ടീം ഇറാനിലെത്തി

ഇറാനില്‍ ശനിയാഴ്ച മുതല്‍ നടക്കുന്ന വെസ്റ്റ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം.

കല്‍പറ്റ-ഇറാനിലെ കിഷ് ഐലന്‍ഡില്‍ അഞ്ചു മുതല്‍ ഒമ്പതു വരെ നടക്കുന്ന വെസ്റ്റ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കും. സ്‌പോണ്‍സര്‍മാരുടെ അഭാവത്തില്‍ പാരാ ആംപ്യൂട്ടി ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്ത്യ പ്രസിഡന്റ് സ്വന്തം നിലയ്ക്കു വായ്പ തരപ്പെടുത്തി താരങ്ങളെ ഇറാനില്‍ എത്തിച്ചു. വേള്‍ഡ് ആംപ്യൂട്ടി ഫുട്‌ബോള്‍ ഫെഡറേഷനു കീഴില്‍ ഇറാന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭിന്നശേഷിക്കാരായ ഫുട്‌ബോള്‍ താരങ്ങള്‍ക്കായി നടത്തുന്നതാണ് വെസ്റ്റ് ഏഷ്യന്‍ ആംപ്യൂട്ടി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. 15 അംഗ ഇന്ത്യന്‍ ടീമില്‍ 12 പേര്‍ കേരളത്തില്‍നിന്നാണ്. ക്യാപ്റ്റന്‍ എസ്.ആര്‍.വൈശാഖ്(കോഴിക്കോട്), വൈസ് ക്യാപ്റ്റന്‍ ബി.ബാഷ (ആലപ്പുഴ), സിജോ ജോര്‍ജ്(തിരുവനന്തപുരം), ഷെബിന്‍ ആന്റോ(തൃശൂര്‍), വി.പി.ലെനില്‍(പാലക്കാട്), മനു പി.മാത്യു(പാലക്കാട്), മുഹമ്മദ് ഷെഫീഖ് പാണക്കാടന്‍(മലപ്പുറം), കെ.പി.ഷബിന്‍രാജ്(കാസര്‍കോട്), വി.വസന്തരാജ് (തമിഴ്‌നാട്), ധര്‍മേന്ദ്രകുമാര്‍(ബിഹാര്‍), വിജയ ശര്‍മ(ഡല്‍ഹി) എന്നിവര്‍ ഇന്ത്യന്‍ ടീമിലെ താരങ്ങളാണ്. തൃശൂരില്‍നിന്നുള്ള കെ.കെ.പ്രതാപനാണ് കോച്ച്. ഡോ.അസ്‌കര്‍ അലി കോഴിക്കോട് ഫിസിയോയും എ.എം.കിഷോര്‍ ഇരിങ്ങാലക്കുട ടീം ഒഫീഷ്യലുമാണ്. വെസ്റ്റ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ, ഇറാന്‍, ഇറാഖ്്, ഫലസ്തീന്‍, ഉസ്ബക്കിസ്ഥാന്‍, സിറിയ എന്നീ രാജ്യങ്ങളാണ് മാറ്റുരയ്ക്കുന്നത്. ആറിനു രാവിലെ 8.30നുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. കൊച്ചയില്‍നിന്നു ദുബായ് വഴിയാണ് ഇന്ത്യന്‍ ടീം ഇറാനില്‍ എത്തിയത്. ഇന്ത്യയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമില്ലാത്തതാണ് ആംപ്യൂട്ടി ഫുട്‌ബോള്‍. സാമ്പത്തിക തടസ്സങ്ങളില്‍ മുട്ടി ഇന്ത്യന്‍ ടീമിന്റെ യാത്ര അവസാന നിമിഷം വരെ അനിശ്ചിതത്വത്തിലായിരുന്നു. ടീമില്‍പ്പെട്ടതില്‍ അഞ്ചു പേര്‍ക്കു സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് അസോസിയേഷന്‍ പ്രസിഡന്റ് വായ്പ തരപ്പെടുത്തി യാത്ര ഉറപ്പുവരുത്തിയത്.
നിര്‍ധന കുടുംബാംഗങ്ങളാണ് ഇന്ത്യന്‍ ടീം അംഗങ്ങളില്‍ പലരും. ടീമിന്റെ ചെലവ് സ്വയം വഹിക്കാനുള്ള ശേഷി പാരാ ആംപ്യൂട്ടി ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്ത്യയ്ക്കും ഇല്ല.

Leave a Reply

Your email address will not be published.

Social profiles