പുല്‍പള്ളി കടമാന്‍തോട് പദ്ധതി വേണമെന്നും വേണ്ടെന്നും വാദം

കല്‍പറ്റ-കാവേരി ട്രിബ്യൂണല്‍ കേരളത്തിനു അനുവദിച്ച കബനി ജലത്തില്‍ ഒരു വിഹിതം ഉപയോഗപ്പെടുത്തുന്നതിനു ജല വിഭന വകുപ്പ് വിഭാവനം ചെയ്ത കടമാന്‍തോട് പദ്ധതിയുമായി ബന്ധപ്പെട്ടു വാദങ്ങള്‍ ബഹുവിധം. പദ്ധതിക്കായി പുല്‍പള്ളി പഞ്ചായത്തിലെ കടമാന്‍തോടിനു കുറുകെ അണ നിര്‍മിക്കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും ഉയരുകയാണ് ശബ്ദങ്ങള്‍. സി.പി.എം പ്രാദേശിക നേതാക്കളും ഉള്‍പ്പെടുന്ന കടമാന്‍തോട് കര്‍മ സമിതി, കേരള കോണ്‍ഗ്രസ്-എം വയനാട് ജില്ലാ കമ്മിറ്റി എന്നിവ പദ്ധതി പ്രാവര്‍ത്തികമാക്കണെന്ന നിലപാടിലാണ്. എന്നാല്‍ പദ്ധതിയോടു മുഖംതിരിച്ചാണ് ബത്തേരി എം.എല്‍.എയും ഡി.സി.സി മുന്‍ പ്രസിഡന്റുമായ ഐ.സി.ബാലകൃഷ്ണന്‍ ഉള്‍പ്പടെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നില്‍പ്പ്. കടമാന്‍തോട് പദ്ധതിയെ അനാവശ്യം എന്നാണ്
വയനാട് പ്രകൃതി സംരക്ഷണ സമിതി വിശേഷിപ്പിക്കുന്നത്. പദ്ധതിക്കായി മുറവിളി കൂട്ടുന്നവര്‍ ഉദ്യോഗസ്ഥ-കരാര്‍ മാഫിയയുടെ പിണിയാളുകളാണെന്നു ആരോപിക്കാനും പരിസ്ഥിതി പ്രവര്‍ത്തകര്‍ മടിക്കുന്നില്ല.
ഏതാനും വര്‍ഷങ്ങളായി വേനലില്‍ പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ വരള്‍ച്ചയും ജലക്ഷാമവും ആവര്‍ത്തിക്കുന്നുണ്ട്. ഇതിനു പരിഹാരമെന്ന നിലയിലും ആസൂത്രണം ചെയ്തതാണ് കടമാന്‍തോട് പദ്ധതി. ഇതു പ്രാവര്‍ത്തികമാക്കുമോ, ഇല്ലയോ എന്നതിലെ അവ്യക്തത പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന പ്രദേശങ്ങളിലെ ജനങ്ങളെയും വട്ടംകറക്കുകയാണ്. അണക്കെട്ടു നിര്‍മിക്കുന്നതോടെ വെള്ളത്തിനടിയിലാകുന്നതും അതിനു സാധ്യതയുള്ളതുമായ പ്രദേശങ്ങളില്‍ സ്ഥലക്കച്ചവടം നടക്കുന്നില്ല. ഭൂമി വില കുറച്ചു നല്‍കാന്‍ സന്നദ്ധര്‍ ഉണ്ടെങ്കിലും വാങ്ങാന്‍ ആളില്ല.
പുല്‍പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം കടമാന്‍തോട് പദ്ധതി അനിവാര്യതയാണെന്നു കര്‍മ സമിതി ഭാരവാഹികളായ ജോസ് നെല്ലേടം, കെ.എന്‍. സുബ്രഹ്‌മണ്യന്‍, പി.ജെ.ആഗസ്തി, കെ.സി.വര്‍ഗീസ് എന്നിവര്‍ പറഞ്ഞു. പദ്ധതിയുടെ പ്രാഥമിക സര്‍വേയ്ക്കു കാല്‍ നൂറ്റാണ്ടു മുമ്പു നടന്ന നീക്കം പ്രദേശിക എതിര്‍പ്പിനെത്തുടര്‍ന്നു നിര്‍ത്തിവെച്ചതാണ്. പുല്‍പള്ളി പഞ്ചായത്തിലെ പാളക്കൊല്ലിയില്‍ വന്‍കിട അണ നിര്‍മിച്ച് 15 ടി.എം.സി വെള്ളം സംഭരിക്കുന്ന പദ്ധതിയാണ് ജലസേചന വകുപ്പ് ആദ്യം വിഭാവനം ചെയ്തത്. നൂറുകണക്കിനു ഏക്കര്‍ ഭൂമി വെള്ളത്തിനടിയിലാക്കുന്ന വിധത്തില്‍ കൂറ്റന്‍ അണ നിര്‍മിക്കുന്നതിനെതിരെ മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളില്‍ പ്രതിഷേധം അലയടിച്ചു. അതോടെ സര്‍വേ പ്രവര്‍ത്തനങ്ങളും നിലച്ചു.
വന്‍കിട പദ്ധതിയെ ജനം എതിര്‍ക്കുന്ന സാഹചര്യത്തില്‍ ആനപ്പാറയ്ക്കടുത്ത് ഇടത്തരം അണ നിര്‍മിച്ചു 0.5 ടി.എം.സി വെള്ളം സംഭരിക്കുന്നതിനു 2012ല്‍ ജലസേചന വകുപ്പ് പ്രൊജക്ട് തയാറാക്കിയിരുന്നു. ഈ പ്രൊജക്ട് സംബന്ധിച്ചും ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടായില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്ക അകറ്റുന്നതിനു എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും നിര്‍ദിഷ്ട പദ്ധതി പ്രദേശത്തുള്ളവരുടെയും സംയുക്ത യോഗം വിളിക്കാന്‍ മന്ത്രിതലത്തില്‍ നേരത്തേ നിര്‍ദേശം ഉണ്ടായിരുന്നതാണ്. എന്നാല്‍ യോഗം ഇതുവരെയും നടന്നില്ല. ഇതിന്റെ ഉത്തരവാദിത്തം എം.എല്‍.എയ്ക്കാണെന്നു കര്‍മ സമിതി നേതാക്കള്‍ പറയുന്നു. പ്രാഥമിക സര്‍വേ നടന്നാല്‍ മാത്രമേ പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്ന ഭൂമിയുടെ അളവ് ഉള്‍പ്പെടെ കാര്യങ്ങളില്‍ വ്യക്തത വരൂ. എന്നിരിക്കെ സര്‍വേയ്ക്കു സാഹചര്യം ഒരുക്കുന്നതിനു എം.എല്‍.എ ഉള്‍പ്പെടെ ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്നു കര്‍മ സമിതി ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.
മുള്ളന്‍കൊല്ലി, പുല്‍പള്ളി, പൂതാടി പഞ്ചായത്തുകളില്‍ കാര്‍ഷിക, ഗാര്‍ഹിക ആവശ്യത്തിനുള്ള ജല ലഭ്യത ഉറപ്പുവരുത്താന്‍ പര്യാപ്തമായ കടമാന്‍തോട് പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകിക്കണമെന്നാണ് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യയുടെ അഭിപ്രായം. കര്‍ണാടകയുമായി അതിരിടുന്ന മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ വരള്‍ച്ചയ്ക്കു സമാനമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിലെ ചില നേതാക്കളാണ് പദ്ധതിയെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്നത്. രണ്ട് തട്ടില്‍ കളിക്കുന്ന കോണ്‍ഗ്രസ്‌നേതാക്കള്‍ നാടിന്റെ ആവശ്യം തിരിച്ചറിയാത്തവരാണെന്നും ദേവസ്യ കുറ്റപ്പെടുത്തി.
ബാണാസുര, കാരാപ്പുഴ വന്‍കിട ജനപദ്ധതികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി കടമാന്‍തോട് പദ്ധതിയെ എതിര്‍ക്കുന്നത്. 1972ല്‍ അഞ്ച് കോടി രൂപ അടങ്കലില്‍ ആരംഭിച്ചതാണ് കാരാപ്പുഴ പദ്ധതിയുടെ പ്രവൃത്തി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും അനേകം കോടി രൂപ മുടക്കിയിട്ടും പദ്ധതി പൂര്‍ണമായി കമ്മീഷന്‍ ചെയ്തില്ല. കൃഷിയിടങ്ങളില്‍ വെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തിനു സാക്ഷാത്കാരമായില്ല. കാരാപ്പുഴ അണയിലെ ജലം ഏതാനും ഹെക്ടറില്‍ മാത്രമാണ് നിലവില്‍ ജലസേചനത്തിനു ഉപയോഗപ്പെടുത്തുന്നത്. 20 വര്‍ഷം മുന്‍പ് കമ്മീഷന്‍ ചെയ്ത ബാണാസുര സാഗര്‍ അണയില്‍ സംഭരിക്കുന്നതില്‍ 30 ശതമാനം വെള്ളം കൃഷി, കൂടിനീര്‍ ആവശ്യങ്ങള്‍ക്കു നല്‍കണമെന്നു വ്യവസ്ഥയുണ്ട്. എന്നാല്‍ ബാണാസുരസാഗര്‍ അണയിലെ വെള്ളവും നിലവില്‍ ജലസേചനത്തിനു ലഭ്യമാക്കിയിട്ടില്ല. ഇതേ ഗതിയായിരിക്കും കടമാന്‍തോട് പദ്ധതിക്കുമെന്നു പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകരായ എന്‍.ബാദുഷ, തോമസ് അമ്പലവയല്‍, തച്ചമ്പത്ത് രാമകൃഷ്ണന്‍, സി.എ. ഗോപാലകൃഷ്ണന്‍, എ.വി.മനോജ് എന്നിവര്‍ പറഞ്ഞു. കടമാന്‍തോട് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ത്തന്നെ കാരാപ്പുഴ മാതൃകയിലെങ്കില്‍ 50 വര്‍ഷം കഴിഞ്ഞാലും പ്രവൃത്തി പൂര്‍ത്തിയാകില്ലെന്നും അവര്‍ വാദിക്കുന്നു. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കൃഷിക്കും വീട്ടാവശ്യത്തിനുമുള്ള വെള്ളം ബാണാസുര, കാരാപ്പുഴ അണകളില്‍നിന്നു വലിയ പൈപ്പുകളിലൂടെ എത്തിക്കുന്നതിനു പദ്ധതി തയാറാക്കണമെന്ന നിര്‍ദേശവും സമിതി മുന്നോട്ടുവെക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Social profiles