കല്‍പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പുതുക്കിപ്പണിയുന്നു

കല്‍പറ്റയില്‍ നഗരസഭ നിര്‍മിക്കാനിരിക്കുന്ന ടൗണ്‍ഹാളിന്റെ രേഖാചിത്രം.

കല്‍പറ്റ-നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള ടൗണ്‍ ഹാള്‍ നഗരസഭ പുതുക്കിപ്പണിയുന്നു. മാര്‍ക്കറ്റ് റോഡില്‍ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജീര്‍ണാവസ്ഥയില്‍ നിലവിലുള്ള ഹാള്‍ പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിക്കുക. മൂന്നു നിലകളില്‍ ആധുനിക സൗകര്യങ്ങളോടെ ടൗണ്‍ ഹാള്‍ നിര്‍മിക്കാനാണ് മുനിസിപ്പല്‍ ഭരണ സമിതി തീരുമാനം. അഞ്ചു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടൗണ്‍ഹാള്‍ നിര്‍മാണത്തിനു ഊരാളുങ്കല്‍ സൊസൈറ്റിയുമായി ചര്‍ച്ച നടന്നുവരികയാണെന്നു നഗരസഭ ചെയര്‍മാന്‍ കെയെംതൊടി മുജീബ് പറഞ്ഞു. ഡി.പി.ആര്‍ തയാറാക്കാന്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്ലാന്‍ ഫണ്ടിനു പുറമേ വായ്പയും കെട്ടിട നിര്‍മാണത്തിനു ഉപയോഗപ്പെടുത്തും.
400 ഇരിപ്പിടങ്ങളുള്ള ഓഡിറ്റോറിയം, വിശാലമായ സ്റ്റേജ്, ഒരേസമയം 200 പേര്‍ക്കു ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഹാള്‍, 30 വീതം ഇരിപ്പിടങ്ങളുള്ള രണ്ട് ബോര്‍ഡ് ഹാള്‍, അതിഥി മുറികള്‍ എന്നിവ പുതിയ ഹാളില്‍ ഉണ്ടാകും. പാര്‍ക്കിംഗിനു വിശാല സൗകര്യം ഏര്‍പ്പെടുത്തും.
പുതിയ ടൗണ്‍ ഹാള്‍ നഗര വികസനത്തില്‍ മറ്റൊരു നാഴികക്കല്ലാകുമെന്നു ചെയര്‍മാന്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരത്തില്‍ കുറഞ്ഞ ചെലവില്‍ ചെറുതും വലുതുമായ പൊതുപരിപാടികളും വിവാഹങ്ങളും മറ്റു ചടങ്ങുകളും നടത്താനാകും.

Leave a Reply

Your email address will not be published.

Social profiles