പാട്ടക്കൃഷിക്കാര്‍ സംഘടിക്കേണ്ടതും പൊരുതേണ്ടതും അനിവാര്യത-മന്ത്രി എ.കെ.ശശീന്ദ്രന്‍

നാഷണല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമം ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

സുല്‍ത്താന്‍ ബത്തേരി:ഇതര സംസ്ഥാനങ്ങളിലെ മലയാളി പാട്ടക്കൃഷിക്കാര്‍ സംഘടിക്കേണ്ടതും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു പൊരുതേണ്ടതും അനിവാര്യതയാണെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. കേരളത്തിനു പുറത്ത് ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന മലയാളികളുടെ കൂട്ടായ്മയായ നാഷണല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (എന്‍.എഫ്.പി.ഒ) പ്രഥമ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും(സ്നേഹ സംഗമം-22) എടത്തറ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിയുമായി ബന്ധപ്പെട്ടു നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്നു മന്ത്രി പറഞ്ഞു.
ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഫിലിപ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. എന്‍.എഫ്.പി.ഒ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഉദ്ഘാടനം ടി.സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. മരണപ്പെട്ട അംഗം ജിനീഷിന്റെ കുടുംബത്തിനു ‘കണ്ണീരൊപ്പാന്‍ കൈകോര്‍ക്കാം’ പദ്ധതിയില്‍ ഓര്‍ഗനൈസേഷന്‍ നല്‍കുന്ന സാമ്പത്തിക സഹായം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ കൈമാറി. മുതിര്‍ന്ന കര്‍ഷകന്‍
മത്തായി പുല്‍പള്ളിയെ ഒ.ആര്‍.കേളു എം.എല്‍.എയും മികച്ച സംരംഭകന്‍ ബിനീഷ് ഡൊമനിക് അമ്പലവയലിനെ യു.എഫ്.പി.എ പ്രസിഡന്റ് എമിസണ്‍ തോമസും ആദരിച്ചു.

എന്‍.എഫ്.പി.ഒ സ്‌നേഹസംഗമത്തിനെത്തിയ കര്‍ഷകരും കുടുംബാംഗങ്ങളും.

ഓര്‍ഗനൈസേഷന്‍ നടത്തിയ മൊബൈല്‍ ഫോട്ടോഗ്രഫി മത്സര വിജയി റെജി പുല്‍പള്ളിക്കുള്ള ഉപഹാരം ജി.ജി.ഡി.എ പ്രസിഡന്റ് സാബു ഐപ്പ് സമ്മാനിച്ചു.
ഓര്‍ഗനൈസേഷന്‍ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാര്‍ഥികളെ ജിഞ്ചര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സനില്‍ ജോണി ആദരിച്ചു. ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ബോണ്ട് വിതരണം ഓര്‍ഗനൈസേഷന്‍ കണ്‍വീനര്‍ റസാഖ് ചക്കര ഉദ്ഘാടനം ചെയ്തു. ‘സ്നേഹസംഗമം-2022’ പേരിടല്‍ മത്സര വിജയിക്കുള്ള സമ്മാനം ഫിലിപ് ജോര്‍ജ് കൈമാറി. നറുക്കെടുപ്പിലൂടെ നേടിയ സ്വര്‍ണനാണയം ജോയി ജോര്‍ജ് നടവയലിനു ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ തോമസ് മിറര്‍ കൈമാറി. സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന പ്രമേയം ഓര്‍ഗനൈസഷന്‍ എക്‌സിക്യുട്ടീവ് മെംബര്‍ അഡ്വ.ജോസ് വി.തണ്ണിക്കോടന്‍ അവതരിപ്പിച്ചു. തോമസ് മിറര്‍ സ്വാഗതവും എന്‍.എഫ്.പി.ഒ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ വി.എല്‍.അജയകുമാര്‍ നന്ദിയും പറഞ്ഞു. 1,500 ഓളം പേര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles