സീറോ ടു മേക്കര്‍ സംരഭകത്വ ശില്പശാലയ്ക്ക് പരിസമാപ്തി

ശില്‍പശാലയില്‍ പങ്കെടുത്തവര്‍

കല്‍പറ്റ: നവസംരഭകരെ കണ്ടെത്തുന്നതിനും സംരഭത്തിലൂടെ പ്രാദേശിക സാമ്പത്തിക വികസനത്തിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി നീലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സും, കോളേജിലെ ഇന്നവേഷന്‍ സെല്‍ ക്ലബും ചേര്‍ന്ന് ദ്വിദിന സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു. നീലഗിരി കോളേജില്‍ വെച്ച് സംഘടിപ്പിച്ച ശില്പശാലയില്‍, എം.ഐ.ടി അമേരിക്കയിലെ മുന്‍ വിസിറ്റിംഗ് സ്‌കോളറും, അമേരിക്കയിലെ എന്‍ക്യൂബ് ലാബ് സ്ഥാപകനും ചീഫ് മെന്റ്ററുമായ, പ്രൊഫസര്‍ രാജേഷ് നായരാണ് സെഷനുകള്‍ നയിച്ചത്. എംഐടിയിലും, ഏഷ്യ സ്‌കൂള്‍ ഓഫ് ബിസിനസ്സിലും വികസിപ്പിച്ചെടുത്ത സീറോ 2 മേക്കര്‍ എന്ന പ്രമേയത്തിന് കീഴില്‍ സംഘടിപ്പിക്കപ്പെട്ട ശില്പശാലയില്‍ മുപ്പത് പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. സൗണ്ട് അമ്പ്‌ലിഫയര്‍ മുതല്‍ വളര്‍ത്തു മൃഗത്തിന് ഒരു കളിപ്പാട്ടം എന്ന ആശയത്തിലേക്ക് കുട്ടികളെ ചെന്നെത്തിക്കും വിധം രസകരവും, ക്രിയാത്മകവുമായ വര്‍ക്കിംഗ് സെഷനുകള്‍ ഈ ശില്‍പശാലയുടെ പ്രധാന ആകര്‍ഷണമായിരുന്നു. ഇലക്ട്രോണിക് മേഖലയില്‍ അറിവ് നേടിയവരല്ലായിരുന്നെങ്കില്‍ കൂടി, നിര്‍മ്മിക്കപ്പെട്ട കളിപ്പാട്ടങ്ങള്‍ ആരെയും വിസ്മയിപ്പിക്കും വിധം പരിവര്‍ത്തനം ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന സംരഭകത്വ ശില്പശാല വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍, എണ്‍ക്യൂബ് ലാബിന്റെ യെല്ലോ ബാഡ്ജ് കരസ്ഥമാക്കി. തുടര്‍ന്നുള്ള ഫോളോ അപ്പുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അടുത്ത ലെവല്‍ ബാഡ്ജുകളും നല്‍കുമെന്ന് എന്‍ക്യൂബ് ലാബ് സി.ഇ.ഓ കൂടിയായ രാജേഷ് നായര്‍ പറഞ്ഞു. ശില്പശാലയില്‍ പങ്കെടുത്ത് സംരഭകത്വ നൈപുണി നേടിയ മുപ്പത് കുട്ടികളും നീലഗിരി കോളേജിലെ മറ്റ് വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകും വിധം പുതുമ വളര്‍ത്താന്‍ ഒരു ഇന്നവേഷന്‍ ഇകോസിസ്റ്റം വളര്‍ത്തി, അതിനെ നിലനിര്‍ത്തുന്നതിനുതകുന്ന പ്രതിനിധികളാകണാമെന്ന് ശില്പശാലയുടെ സമാപന വേളയില്‍ നീലഗിരി കോളേജ് എം.ഡി റാശിദ് ഗസ്സാലി കൂട്ടിച്ചേര്‍ത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles