എം.പി ഓഫീസ് തകര്‍ത്ത സംഭവം; നിയമസഭയില്‍ ബഹളം, സഭ പിരിഞ്ഞു

രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ യുവ എം.എല്‍.എമാര്‍ കറുത്ത വസ്ത്രം ധരിച്ച നിമയസഭയിലെത്തിയപ്പോള്‍

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അതിനിടെ പ്രതിപക്ഷപ്രതിഷേധം ടെലികാസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധമുയര്‍ന്നു. പ്രതിപക്ഷ ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇതേതുടര്‍ന്ന് സഭയ്ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
എസ്.എഫ്.ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എം.എല്‍.എമാര്‍ സഭയിലെത്തിയത്. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചു. അതേസമയം നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് അസാധാരണ നിയന്ത്രണം ഏര്‍പ്പെടുത്തി. സഭയിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കി. മാധ്യമങ്ങള്‍ക്ക് മീഡിയാ റൂം വരെ മാത്രമാണ് പ്രവേശനം അനുവദിച്ചത്. നിയമസഭ നടപടികളുമായി ബന്ധപ്പെട്ട് സഭ ടിവിയുടെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. അതാകട്ടെ, സെന്‍സറിങ് നടത്തിയ ദൃശ്യങ്ങളായിരുന്നു.
നിയമസഭയ്ക്ക് അകത്ത് പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധിച്ചത് സഭ ടിവി സംപ്രേഷണം ചെയ്തില്ല. പ്രതിപക്ഷ പ്രതിഷേധം നടക്കുമ്പോള്‍, സ്പീക്കറെയും ഭരണപക്ഷ എം.എല്‍.എമാരെയുമാണ് കാണിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന്് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. ചില വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങള്‍ക്കുണ്ടായ തെറ്റിദ്ധാരണയാണ് വിലക്കിന് കാരണമെന്നാണ് ഓഫീസിന്റെ വിശദീകരണം.

0Shares

Leave a Reply

Your email address will not be published.

Social profiles