ഗാന്ധി ചിത്രം നിലത്തുവീണതിനെച്ചൊല്ലി ചൂടുപിടിച്ച് വിവാദം

കല്‍പറ്റയിലെ എം.പി ഓഫീസ് അക്രമണത്തിനുശേഷം ആദ്യം പ്രചരിച്ച ചിത്രം.

കല്‍പറ്റ: എസ്.എഫ്.ഐ അക്രമം നടന്ന രാഹുല്‍ഗാന്ധി എം.പിയുടെ കല്‍പറ്റ ഓഫീസിലെ ഗാന്ധി ചിത്രം നിലത്തുവീണതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. ഓഫീസില്‍ തള്ളിക്കയറിയ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് രാഹുല്‍ഗാന്ധിയുടേതിനൊപ്പം രാഷ്ട്രപിതാവിന്റെയും ചിത്രം ചുമരില്‍നിന്നെടുത്തു താഴെയിട്ടതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഓഫീസില്‍ കയറിയ പ്രവര്‍ത്തകര്‍ ഗാന്ധി നിന്ദ നടത്തിയിട്ടില്ലെന്നാണ് എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും വാദം. സമരക്കാര്‍ ഓഫീസ് വിട്ടതിനുശേഷം കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രാഷ്ട്രീയ മുതലെടുപ്പിനു ഗാന്ധി ചിത്രം നിലത്തിട്ടതെന്നു സി.പി.എം-എസ്.എഫ്.ഐ നേതൃത്വം പറയുന്നു. ഗാന്ധി ചിത്രം ചുമരില്‍നിന്നു എടുത്ത് നിലത്തിട്ടത് കോണ്‍ഗ്രസുകാരാണെന്നാണ് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. കോണ്‍ഗ്രസുകാരെ ലക്ഷ്യമിട്ട്’ ഇവര്‍ ഗാന്ധി ശിഷ്യരോ’ എന്നു പരിഹസിക്കാനും മുഖ്യമന്ത്രി മടിച്ചില്ല.
എം.പി ഓഫീസില്‍ അക്രമം നടന്നതിനു പിന്നാലെ ചില ന്യൂസ് പോര്‍ട്ടലുകളിലും വാട്‌സ്ആപ് ഗ്രൂപ്പുകളിലും പ്രചരിച്ച ഫോട്ടോ മുന്‍നിര്‍ത്തിയാണ് ഗാന്ധി ചിത്രം നിലത്തിട്ടതു കോണ്‍ഗ്രസുകാരാണെന്ന സി.പി.എം വാദം. എം.പി ഓഫീസില്‍ എസ്.എഫ്.ഐ അക്രമം എന്ന വാര്‍ത്തയ്‌ക്കൊപ്പം ന്യൂസ് പോര്‍ട്ടലുകളില്‍ ചേര്‍ത്ത ഫോട്ടോയില്‍ ഗാന്ധിജിയുടെ ചിത്രം ചുമരില്‍ത്തന്നെയുള്ളത് വ്യക്തമായി കാണാമായിരുന്നു. എസ്.എഫ്.ഐ അക്രമത്തിനുപിന്നാലെ എം.പി ഓഫീസില്‍ എത്തിയ ‘ വീക്ഷണം’ വയനാട് ലേഖകന്‍ എ.എസ്.ഗിരീഷാണ് ചിത്രം പകര്‍ത്തി ന്യൂസ് പോര്‍ട്ടല്‍ പ്രതിനിധികള്‍ക്കു ലഭ്യമാക്കിയത്. സി.പി.ഐ മുഖപത്രമായ ‘ജനയുഗം’ ജില്ലാ ലേഖകനൊപ്പമാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ലേഖകന്‍ എം.പി ഓഫീസിലെത്തിയത്.
അക്രമത്തെത്തുടര്‍ന്നു എം.പി ഓഫീസിനു പുറത്തു റോഡില്‍ സംഘര്‍ഷവും പോലീസ് ഇടപെടലും നടക്കുന്നതിനിടെയാണ് ഗാന്ധിജിയുടെ ചിത്രം നിലത്തുകിടക്കുന്ന ചിത്രവും വീഡിയോയും മാധ്യമങ്ങളില്‍ ഇടം പിടിച്ചത്.
രാഹുല്‍ഗാന്ധിയുടെ ചിത്രം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചുമരില്‍നിന്നെടുത്ത് കസേരയില്‍ വെക്കുകയും സമീപം വാഴത്തൈ നാട്ടുകയും മാത്രമാണ് ചെയ്തതെന്നു സംഘടനയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ ഷട്ടര്‍ തകര്‍ത്ത് അകത്തു കയറി അക്രമം നടത്തിയശേഷം ഓഫീസിനു പുറത്തുപോയ എസ്എഫ്എ പ്രവര്‍ത്തകരില്‍ ചിലര്‍ തിരിച്ചെത്തിയാണ് ഗാന്ധി ചിത്രം വലിച്ചു നിലത്തിട്ടതെന്ന നിലപാടിലാണ് കോണ്‍ഗ്രസും യു.ഡി.എഫും.
ഗാന്ധി ചിത്രം നിലത്തുവീണതുമായി ബന്ധപ്പെട്ട ചോദ്യമാണ് ഡി.സി.സി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രകോപിതനാക്കിയത്. ന്യൂസ് പോര്‍ട്ടലുകളിലുടെയും മറ്റും ആദ്യം പ്രചരിച്ച ചിത്രത്തില്‍ ഗാന്ധി ചിത്രം ചുമരിലുള്ളത് ചൂണ്ടിക്കാട്ടി സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ജെ.വര്‍ഗീസാണ് ചോദ്യം ഉന്നയിച്ചത്. വ്യക്തമായ മറുപടിയുടെ അഭാവത്തില്‍ വര്‍ഗീസ് ചോദ്യം ആവര്‍ത്തിച്ചപ്പോഴാണ് അബദ്ധങ്ങള്‍ ചോദിക്കരുതെന്നും ഇറക്കിവിടാത്തതു തന്റെ മര്യാദകൊണ്ടാണെന്നും മറ്റും പറഞ്ഞു പ്രതിപക്ഷ നേതാവ് ക്ഷുഭിതനായത്. പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനത്തിനുശേഷം ഡി.സി.സി ഓഫീസില്‍ ചില മാധ്യമപ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളുമായി വാക്കേറ്റവും ഉണ്ടായി. വിരല്‍ചൂണ്ടി വര്‍ത്തമാനം പറഞ്ഞാല്‍ ആ കൈ അറുത്തുകളയുമെന്നു ഡി.സി.സി ഭാരവാഹികളില്‍ ഒരാള്‍ വെല്ലുവിളിക്കുകയുമുണ്ടായി. ഇതിനിടെ ഓഫീസിനകത്തേക്കുവന്ന പോലീസുകാരെയാണ് സംരക്ഷണം വേണ്ടെന്നു പറഞ്ഞു കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞത്. മാധ്യമപ്രവര്‍ത്തകരുമായുള്ള ഇടച്ചില്‍ മൂര്‍ച്ഛിക്കുന്നതു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് ഒഴിവാക്കിയത്.
എം.പി ഓഫീസിലെ ഗാന്ധി ചിത്രത്തെ അവഹേളിച്ചതു കോണ്‍ഗ്രസുകാരാണെന്ന ആരോപണം മുഖ്യമന്ത്രിയും ഉന്നയിച്ചതിനിടെ വയനാട്ടില്‍ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയും വിവാദം ഉയര്‍ന്നു. ദേശാഭിമാനി ജില്ലാ ബ്യൂറോയിലെ കെ.എ.അനില്‍കുമാര്‍ ‘എംപി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ വീക്ഷണം ലേഖകനു പങ്ക്? ‘എന്ന തലക്കെട്ടോടെ ഫേസ് ബുക്കിലിട്ട പോസ്റ്റാണ് വിവാദത്തിനു ആധാരം. വീക്ഷണം ലേഖകന്‍ അക്രമം നടന്ന എം.പി ഓഫീസില്‍ നില്‍ക്കുന്ന ചിത്രം സഹിതമായിരുന്നു അനില്‍കുമാറിന്റെ പോസ്റ്റ്. ഇതിനോടു ശക്തമായ ഭാഷയില്‍ പ്രതികരിച്ച് വീക്ഷണം ലേഖകനും ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. സമൂഹമാധ്യമത്തിലൂടെയുള്ള വ്യക്തിഹത്യക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അടുത്തിടെ നടന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വയനാട് ഘടകം പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച വീക്ഷണം ലേഖകന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ദേശാഭിമാനി ജീവനക്കാരന്റെ പോസ്റ്റിലെ ചിത്രത്തില്‍ വീക്ഷണം ലേഖകനു സമീപം ജനയുഗം ലേഖകന്‍ നില്‍ക്കുന്നതു കാണാം.

0Shares

Leave a Reply

Your email address will not be published.

Social profiles