പരിസ്ഥിതി ലോല മേഖല: സംസ്ഥാന സര്‍ക്കാര്‍ മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും

തിരുവനന്തപുരം: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സസര്‍ക്കാര്‍ മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും. വിഷയത്തില്‍ സംസ്ഥാനത്തിനുള്ള നിയമ നിര്‍മാണ സാധ്യതകള്‍ പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, വനം മന്ത്രി എ.കെ.ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, അഡ്വ.ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ, വനം മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാസിംഗ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം. മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാനും നിയമനിര്‍മാണ സാധ്യത പരിശോധിക്കാനും അഡ്വ.ജനറലിനെ ചുമതലപ്പെടുത്തി.
പരിസ്ഥിതി ലോല മേഖലയില്‍ നിലവിലുള്ള കെട്ടിടങ്ങളെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീം കോടതി നിശ്ചയിച്ച സമയ പരിധിയില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന് വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്തും. ഈ വിവരം സുപ്രീം കോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കുന്നതുവരെ കേന്ദ്ര സര്‍ക്കാരുമായി വനം മന്ത്രി, ചീഫ് സെക്രട്ടറി, വനം സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരടങ്ങുന്ന സമിതി ബന്ധപ്പെടും.

0Shares

Leave a Reply

Your email address will not be published.

Social profiles