ശോച്യാവസ്ഥയില്‍ നല്ലൂര്‍നാട് എം.ആര്‍.എസ് ഹോസ്റ്റല്‍

നല്ലൂര്‍നാട് അബേദ്ക്കര്‍ മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഹോസ്റ്റല്‍ കെട്ടിടം

മാനന്തവാടി: 1990കളില്‍ നിര്‍മ്മിച്ച നല്ലൂര്‍നാട് അബേദ്ക്കര്‍ മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഹോസ്റ്റല്‍ കെട്ടിടം ശോച്യാവസ്ഥയില്‍. 400ല്‍ അധിക ഗോത്ര വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന ഇവിടെ കെട്ടിടങ്ങളുടെ അറ്റകുറ്റ പ്രവൃത്തികള്‍ നടത്തിയിട്ട് വര്‍ഷങ്ങളായി. ഇതോടെ പരിസരമാകെ വൃത്തിഹീനമായി കിടക്കുകയാണ്. കഴിഞ്ഞ ദിവസം സ്‌കൂള്‍ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീണ 16 കുട്ടികള്‍ വയനാട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരുന്നു. പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളാണ് വയനാട് നല്ലൂര്‍നാടുള്ള അംബേദ്ക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍. ആദിവാസി വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വിദ്യാഭ്യാസ മികവ് ലക്ഷ്യം വെച്ച് നടത്തുന്ന സ്‌കൂളില്‍ 400ല്‍ അധികം കുട്ടികളാണ് താമസിക്കുന്നത്. ഗോത്ര ഊരുകളിലെ ശോച്യാവസ്ഥയില്‍ നിന്ന് മികച്ച രീതിയിലുള്ള താമസം, ഭക്ഷണം എന്നിവ ഉറപ്പ് നല്‍കിയാണ് ഈ സ്‌കൂളില്‍ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നത്. എന്നാല്‍ ഹോസ്റ്റലിലെ ഭൗതിക സാഹചര്യം ദയനീയമാണെന്ന് പരാതി ഉയര്‍ന്നിട്ടും നടപടി ഒന്നും ഇചതുവരെ ഉണ്ടായിട്ടില്ല. ആദിവാസി കോളനികളികളിലെ ജീവിതത്തില്‍ നിന്ന് മെച്ചപ്പെട്ട ജീവിത സാഹചര്യം പ്രതീക്ഷിച്ചെത്തുന്ന കുട്ടികള്‍ക്ക് നല്ല ഭൗതിക സാഹചര്യം ഒരുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഹോസ്റ്റലിന്റ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തണമെന്നും കുട്ടികള്‍ക്ക് വൃത്തിയുള്ള ശുചിമുറികളും മറ്റും ഉപയോഗിക്കാനുള്ള സാഹചര്യമൊരുക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും വകുപ്പ് മന്ത്രിക്കും ഉള്‍പ്പടെ പരാതി നല്‍കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ജോണ്‍ മാസ്റ്റര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles