തുരങ്ക പാത: പരിസ്ഥിതി സംഘടനകള്‍ കോടതിയിലേക്ക്

കല്‍പറ്റ-പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതി സന്തുലനത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതും കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ജല സുരക്ഷയെയും കാര്‍ഷിക-സാമൂഹിക ജീവിതത്തെയും താറുമാറാക്കുന്നതുമായ സ്വര്‍ഗംകുന്ന്-കള്ളാടി തുരങ്ക പാത പദ്ധതിയില്‍നിന്നു പിന്‍മാറണമെന്നു കോഴിക്കോട് ചേര്‍ന്ന പരിസ്ഥിതി സംഘടനാ പ്രതിനിധികളുടെ യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ അറിയിച്ചതാണ് വിവരം. തുരങ്ക പാത ഫോറസ്റ്റ് ക്ലിയറന്‍സിനു കോഴിക്കോട്, സൗത്ത് വയനാട് ഡി.എഫ്.ഒമാര്‍ നല്‍കിയ ശുപാര്‍ശ തള്ളുക, തുരങ്കം നിര്‍മിക്കേണ്ട ഭാഗത്തെ വനത്തെയും വന്യജീവികളെയും ജൈവ വൈവിധ്യത്തെയും കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുക, പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് വിദഗ്ധരെ ഉള്‍പെടുത്തി പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും
പ്രമേയത്തിലുണ്ട്.
കോഴിക്കോട്, സൗത്ത് വയനാട് ഡി.എഫ്.ഒമാര്‍ ഒരു ദിവസത്തെ സന്ദര്‍ശനം മാത്രം നടത്തി പദ്ധതി പ്രദേശത്തെ ജൈവ വൈവിധ്യത്തിന്റെയും വനത്തിന്റെയും പ്രാധാന്യം ബോധപൂര്‍വം മറച്ചുവെച്ചും നിരുത്തരവാദപരമായുമാണ് ഫോറസ്റ്റ് ക്ലിയറന്‍സിന് ശുപാര്‍ശ നല്‍കിയതെന്നു യോഗം വിലയിരുത്തി. പദ്ധതിയുണ്ടാക്കുന്ന പ്രകൃതി നാശത്തെക്കുറിച്ചോ സാമൂഹികാഘാതത്തെക്കുറിച്ചോ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നു ചൂണ്ടിക്കാട്ടി. പൂത്തുമല, മുണ്ടക്കൈ, പാതാര്‍, കവളപ്പാറ തുടങ്ങി ഉരുള്‍പൊട്ടലുകളും നിരവധി മണ്ണിടിച്ചിലുമുണ്ടായ മലനിരകളിലാണ് മതിയായ വിദഗ്ധ-ശാസ്ത്രീയ പഠനങ്ങളോ വിചിന്തനമോ കൂടാതെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇത് മലയോര പ്രദേശങ്ങളുടെ വികസനത്തിനല്ല, നാശത്തിനാണ് വേഗം പകരുകയെന്നു യോഗം അഭിപ്രായപ്പെട്ടു.
പദ്ധതിക്ക് അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്കു നിവേദനം നല്‍കുന്നതിനൊപ്പം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും അവശ്യമെങ്കില്‍ കോടതിയെ സമീപിക്കാനും തീരുമാനിച്ചു.
കേരള നദീസംരക്ഷണ സമിതി, വയനാട് പ്രക്രുതി സംരക്ഷണ സമിതി, പശ്ചിമഘട്ട സംരക്ഷണ സമിതി, ലോഹ്യ വിചാരവേദി, ഗ്രീന്‍ ക്രോസ് വയനാട്, ദേശീയ പ്രകൃതി സംരക്ഷണ സമിതി, പശ്ചിമഘട്ടം പുഴ സംരക്ഷണ സമിതി, കണ്ണൂര്‍ ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി, മലപ്പുറം ജില്ലാ പരിസ്ഥിതി സംരക്ഷണ സമിതി, പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി, ചാലിയാര്‍ സംരക്ഷണ സമിതി, സര്‍വോദയ മണ്ഡലം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. അഡ്വ.വിനോദ് പയ്യട ഉദ്ഘാടനം ചെയ്തു. കേരള നദീ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി.രാജന്‍ അധ്യക്ഷത വഹിച്ചു. തുരങ്ക പാത പദ്ധതിയെ ചെറുക്കുന്നതിനു സംയുക്ത സമിതി രൂപീകരിച്ചു. ഭാരവാഹികളായി ടി.വി.രാജന്‍ (ചെയര്‍മാന്‍), അഡ്വ.വിനോദ് പയ്യട, പി.സുന്ദരരാജന്‍, വര്‍ഗീസ് വട്ടേക്കാട്ടില്‍, വിജയരാഘവന്‍ ചേലിയ (വൈസ് ചെയര്‍മാന്‍മാര്‍), എന്‍.ബാദുഷ(ജനറല്‍ കണ്‍വീനര്‍), സത്യന്‍ മേപ്പയുര്‍, ഡോ.പി.ജി.ഹരി, ശബരി മുണ്ടക്കല്‍(കണ്‍വീനര്‍മാര്‍), പി.കെ.ശശിധരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Social profiles