ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പിന് തുടക്കം

പനമരം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാ ക്യാമ്പില്‍ നിന്ന്

പനമരം: നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്‌സ്, ഹോം ഓട്ടോമേഷന്‍, 3.ഡി ക്യാരക്ടര്‍ മോഡലിങ്ങ് തുടങ്ങിയവ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി. കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളിലായി നടത്തിയ സബ് ജില്ലാ ക്യാമ്പുകളില്‍ പങ്കെടുത്ത 526 പേരില്‍ നിന്നും തിരഞ്ഞെടുത്ത 50 പേരാണ് പനമരം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നടത്തുന്ന ജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ നമ്മുടെ പൊതുവിദ്യാലയങ്ങളിലേയ്‌ക്കെത്തിക്കുന്ന തരത്തില്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളെ സജ്ജമാക്കുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. 3.1 ലക്ഷം രക്ഷിതാക്കള്‍ക്ക് സൈബര്‍ സുരക്ഷയിലും വ്യാജവാര്‍ത്തകളെ പ്രതിരോധിക്കുന്നതിനും പരിശീലനം നല്‍കിയ മാതൃകയില്‍ ഇത് നടപ്പാക്കും. ഈ വര്‍ഷം തന്നെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുള്ള എല്ലാ സ്‌കൂളുകളിലും റോബോട്ടിക് ലാബ് സംവിധാനവും നിലവില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി.) സങ്കേതമുപയോഗിച്ചാണ് ഹോം ഓട്ടോമേഷന്‍ സംവിധാനം കുട്ടികള്‍ തയാറാക്കുന്നത്. റാസ്പ്‌ബെറി പൈ കമ്പ്യൂട്ടര്‍, വിവിധ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ റോബോട്ടിക്‌സ്, ഹോം ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ തയാറാക്കുന്നതിന് പരിശീലനത്തില്‍ ഉപയോഗിക്കുന്നു. സ്വതന്ത്ര ത്രിഡി ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച്, ത്രിഡി കാരക്ടര്‍ മോഡലിങ്, കാരക്ടര്‍ റിഗ്ഗിങ്, ത്രിഡി അനിമേഷന്‍ എന്നിവയാണ് അനിമേഷന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ തന്നെ കാരക്ടര്‍ ഡിസൈന്‍ ചെയ്ത് അനിമേഷന്‍ തയാറാക്കുകയാണ് ചെയ്യുന്നത്.
സമാപന ദിവസമായ നാളെ (ഞായറാഴ്ച) വൈകുന്നേരം 3.30 ന് പൊതുവിദ്യാഭ്യാസ വകപ്പ് മന്ത്രി വി.ശിവന്‍കുട്ടി ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും. രണ്ടു ദിവസത്തെ പരിശീലനത്തിലൂടെ കുട്ടികള്‍ തയ്യാറാക്കിയ ഉപകരണങ്ങളുടേയും പ്രോഗ്രാമുകളുടേയും പ്രദര്‍ശനവും നാളെ 3.00 മണി മുതല്‍ ഉണ്ടായിരിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles