ദമയന്തിയായി അരങ്ങില്‍ തിളങ്ങി വയനാട് ജില്ലാ കലക്ടര്‍ എ.ഗീത

വയനാട്ടിലെ വള്ളിയൂര്‍ക്കാവ് മേലേക്കാവിലെ വേദിയില്‍ ജില്ലാ കലക്ടര്‍ എ.ഗീത കഥകളി അവതരിപ്പിക്കുന്നു.

മാനന്തവാടി-ദമയന്തിയായി അരങ്ങില്‍ തിളങ്ങി വയനാട് ജില്ലാ കലക്ടര്‍ എ.ഗീത. നളചരിതം ആട്ടക്കഥയിലെ ഉദ്യാനത്തില്‍ തോഴിമാരുമായി സംവദിക്കുന്ന രംഗമാണ് കലക്ടര്‍ വള്ളിയൂര്‍ക്കാവ് ഉത്സവനഗരിയിലെ വേദിയില്‍ ആടിത്തകര്‍ത്തത്. ദമയന്തിയെ തികഞ്ഞ വഴക്കത്തോടെയും ഭാവങ്ങളോടയുമാണ് ജില്ലാകലക്ടര്‍ അവതരിപ്പിച്ചതെന്നാണ് സദസ്സിലുണ്ടായിരുന്നതില്‍ കഥകളിയറിയാവുന്നവരുടെ സാക്ഷ്യം. കഥയാടിക്കഴിഞ്ഞപ്പോള്‍ ഹര്‍ഷാരവും മുഴക്കിയാണ് സദസ്സ് ദമയന്തിയെയും കൂട്ടരെയും അഭിനന്ദിച്ചത്.
വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന മോഹമാണ് വള്ളിയൂര്‍ക്കാവ് മേലക്കാവിലെ അങ്കണത്തില്‍ സജ്ജമാക്കിയ കഥകളി വേദിയില്‍ ദമയന്തിയെ അവതരിപ്പിച്ചു സാക്ഷാത്കരിച്ചതെന്നു കലക്ടര്‍ പറഞ്ഞു. കഥകളി ആചാര്യന്‍ കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്റെ ശിക്ഷണണമാണ് ദമയന്തിയെ അരങ്ങേറ്റാന്‍ കലക്ടര്‍ക്കു തുണയായത്. ദിവസങ്ങളോളം ജോലിത്തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തിയായിരുന്നു പരിശീലനം.
കഥകളി അഭ്യസിച്ചിട്ടുള്ള, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസറായി വിരമിച്ച സുഭദ്ര നായരും മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫീസിലെ ജീവനക്കാരിയും ആലപ്പുഴ സ്വദേശിയുമായ രതി സുധീറും ഒപ്പം ചേര്‍ന്നതോടെയാണ് കലക്ടറുടെ കഥകളി സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചത്. കോട്ടയ്ക്കല്‍ സി.എം.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കോട്ടയ്ക്കല്‍ ഹരിദാസ്, സുഭദ്ര നായര്‍, രതി സുധീര്‍, രമ്യ കൃഷ്ണ എന്നിവരാണ് കലക്ടര്‍ക്കൊപ്പം അരങ്ങിലെത്തിയത്. കഥകളിയില്‍ വേഷമിടാന്‍ സുഭദ്ര നായരും രതി സുധീറും കസി.എം.ഉണ്ണികൃഷ്ണനും ഏറെ സഹായിച്ചതായി ചെറപ്പത്തില്‍ ഭരതനാട്യം അഭ്യസിച്ച കലക്ടര്‍ പറഞ്ഞു.
പൂതനാമോക്ഷം, നളചരിതം ഒന്നാം ദിവസം, കിരാതം എന്നിങ്ങനെ മൂന്ന് കഥകളാണ് വള്ളിയൂര്‍ക്കാവില്‍ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ചു അരങ്ങേറിയത്. എം.എല്‍.എമാരായ ഒ.ആര്‍.കേളു, ടി.സിദ്ദീിഖ് എന്നിവരടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ കഥകളി ആസ്വാദനത്തിനു എത്തി.

Leave a Reply

Your email address will not be published.

Social profiles