സ്പന്ദനത്തിന്റെ തണലില്‍ 22 നിര്‍ധന യുവതികള്‍ക്കു മംഗല്യം

മാനന്തവാടിയില്‍ സ്പന്ദനം വാര്‍ഷികാഘോഷവും സമൂഹ വിവാഹ സംഗമവും മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി-സന്നദ്ധ പ്രവര്‍ത്തക കൂട്ടായ്മയായ മാനന്തവാടി സ്പന്ദനം 16-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 22 നിര്‍ധന യുവതികളുടെ വിവാഹം നടത്തി. ഗോത്ര വിഭാഗങ്ങളില്‍നിന്നുള്ളവരാണ് വധുക്കളില്‍ 10 പേര്‍. സെന്റ് പാട്രിക്‌സ് സ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലിലായിരുന്നു വാര്‍ഷികാഘോഷവും സമൂഹ വിവാഹ സംഗമവും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സ്പന്ദനം സംഘടിപ്പിച്ച സമൂഹ വിവാഹം തികച്ചും മാതൃകാപരമാണെന്നു അദ്ദേഹം പറഞ്ഞു. സ്പന്ദനം പ്രസിഡന്റ് ഡോ.ഗോകുല്‍ദേവ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരയ ഒ.ആര്‍.കേളു, അഡ്വ.സണ്ണി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ്, താളൂര്‍ നീലഗിരി കോളേജ് മാനേജിംഗ് ഡയറക്ടര്‍ റാഷിദ് ഗസാലി, സംഘടക സമിതി ചെയര്‍മാന്‍ ഫാ.വര്‍ഗീസ് മറ്റമന എന്നിവര്‍ പ്രസംഗിച്ചു. 2022-23 വര്‍ഷത്തേക്കുള്ള സ്പന്ദനം ജീവകാരുണ്യനിധി മുഖ്യരക്ഷാധികാരിയും ഋഷി വ്യവസായ ഗ്രൂപ്പ് മേധാവിയുമായ മാനന്തവാടി താന്നിക്കല്‍ വടക്കേടത്ത് ജോസഫ് ഫ്രാന്‍സിസ് കൈമാറി. സ്പന്ദനം സെക്രട്ടറി പി.സി.ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഓരോ വധുവിനും രണ്ടു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും വിവാഹസമ്മാനമായി സ്പന്ദനം നല്‍കി. 2,00ദ പേര്‍ക്കുള്ള സദ്യയും ഒരുക്കി. വടക്കേടത്ത് ഫ്രാന്‍സിസിന്റെരണ്ടു പുത്രന്‍മാരുടെ വിവാഹ സ്വീകരണ ആഘോഷവും സമൂഹ വിവാഹ സംഗമത്തോടനുബന്ധിച്ചു നടത്തി. സ്പന്ദനത്തിന്റെ പ്രധാന പ്രവര്‍ത്തകനായിരുന്നു അടുത്തിടെ ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ച വെള്ളമുണ്ട കൈപ്പാണി ഇബ്രാഹിം. മരണത്തിനു മുമ്പു ഇദ്ദേഹം മുന്നോട്ടുവെച്ചതായിരുന്നു സമൂഹ വിവാഹം എന്ന ആശയം.

Leave a Reply

Your email address will not be published.

Social profiles